റിയാദ്: ഇറാന് - യു.എസ്. യുദ്ധം പുനരാരംഭിച്ചാല്‍ സൗദിക്കു സഹായം നല്കാന് പാകിസ്താന്. ഇതിന്റെ ഭാഗമായി പാകിസ്താന് യുദ്ധവിമാന വ്യൂഹത്തെയും ആയിരക്കണക്കിന് സൈനികരെയും സൗദി അറേബ്യയില്‍ വിന്യസിച്ചുഇറാന് സംഘര്‍ഷത്തില്‍ പാകിസ്താന് പ്രധാന മധ്യസ്ഥന്റെ സ്വീകരിക്കുന്നുണ്ടെങ്കിലും, പരസ്പര പ്രതിരോധ കരാറിന്റെ ഭാഗമായി 8,000 സൈനികരെയും ഒരു യുദ്ധവിമാന വ്യൂഹത്തെയും വ്യോമ പ്രതിരോധ സംവിധാനത്തെയും രാജ്യം സൗദി അറേബ്യയിലെത്തിച്ചു.
സൗദി അറേബ്യയ്ക്ക് നേരെ കൂടുതല്‍ ആക്രമണമുണ്ടായാല്‍ ചെറുക്കുക ലക്ഷ്യമിട്ടുള്ള, യുദ്ധസജ്ജരായ വലിയ സൈനിക വ്യൂഹമാണിതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.കഴിഞ്ഞ വര്‍ഷം ഒപ്പുവച്ച പ്രതിരോധ കരാറിന്റെ പൂര്‍ണമായ നിബന്ധനകള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
എങ്കിലും, ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ പാകിസ്താനും സൗദി അറേബ്യയും പരസ്പരം പ്രതിരോധിക്കാന്‍ ബാധ്യസ്ഥരാണെന്ന് ഇരുപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്താന്റെ ആണവ സംരക്ഷണവലയത്തിന് കീഴിലാണു സൗദി അറേബ്യയെന്നു പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നേരത്തെ അറിയിച്ചിരുന്നു. ചൈനയുമായി ചേര്‍ന്ന് നിര്‍മിച്ച ജെഎഫ്17 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 16 വിമാനങ്ങള്‍ ഏപ്രില്‍ ആദ്യവാരമാണു പാകിസ്താന് സൗദിയിലേക്ക് അയച്ചത്.
ഈ ആയുധങ്ങളും സംവിധാനങ്ങളും പ്രവര്‍ത്തിപ്പിക്കുന്നത് പാകിസ്താന് സൈനികരാണെങ്കിലും മുഴുവന്‍ ചെലവും വഹിക്കുന്നത് സൗദി അറേബ്യയാണ്. പാക് വ്യോമസേനാ ഉദ്യോഗസ്ഥര്‍ പ്രധാനമായും ഉപദേശക, പരിശീലന ചുമതലകളാവും നിര്‍വഹിക്കുക.
80,000 പാകിസ്താന് സൈനികരെ വരെ സൗദി അറേബ്യയില്‍ വിന്യസിക്കാന്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറില്‍ വ്യവസ്ഥയുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍. സൗദിയിലെ പ്രധാന ഊര്‍ജ നിലയങ്ങള്‍ക്കുനേരെ ഇറാന്റെ ആക്രമണമുണ്ടാകുകയും ഒരു സൗദി പൗരന് കൊല്ലപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് പാകിസ്താന് സൗദിയിലേക്ക് വിമാനങ്ങള്‍ അയച്ചിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് ശേഷമാണ് യുദ്ധത്തിലെ പ്രധാന മധ്യസ്ഥനായി പാകിസ്താന് ഉയര്‍ന്നുവന്നതും, യു.എസും ഇറാനുംതമ്മില് കഴിഞ്ഞ ആറാഴ്ചയായി തുടരുന്ന വെടിനിര്‍ത്തലിന് വഴിയൊരുക്കിയതും.



