വാഷിങ്‌ടണ്‍: പാകിസ്‌താന്‍ പ്രധാനമന്ത്രി സ്‌ഥാനത്തുനിന്ന് ഇമ്രാന്‍ ഖാനെ പുറത്താക്കിയതിനു പിന്നില്‍ വിദേശ ഗൂഢാലോചന ഉണ്ടെന്ന ആരോപണങ്ങളിലേക്കു വിരല്‍ചൂണ്ടുന്ന അതീവ രഹസ്യ സ്വഭാവമുള്ള നയതന്ത്ര രേഖകള്‍ പുറത്തുവന്നു. തന്നെ പുറത്താക്കിയതിനു പിന്നില്‍ ഗൂഢാലോചന നടന്നെന്ന് ഇമ്രാന്‍ പലതവണ ആരോപിച്ചിട്ടുണ്ട്. പാകിസ്‌താനില്‍ 'സൈഫര്‍' എന്നറിയപ്പെടുന്ന ഈ രേഖയില്‍ 2022 മാര്‍ച്ചില്‍ അന്നത്തെ യു.എസിലെ പാകിസ്‌താന്‍ അംബാസഡര്‍ അസദ് മജീദ് ഖാനും യു.എസ്. നയതന്ത്രജ്‌ഞന്‍ ഡോണള്‍ഡ് ലൂവും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ വിശദാംശങ്ങളാണുള്ളത്. ഈ സംഭാഷണമാണ് ഇമ്രാന്‍ ഖാന്റെ പുറത്താക്കലിനും തുടര്‍ന്നുള്ള തടവുശിക്ഷയ്‌ക്കും കാരണമായതെന്നാണ് പറയപ്പെടുന്നത്.
കേബിള്‍ ഐ0678 എന്ന് അടയാളപ്പെടുത്തിയ ഈ രേഖ യു.എസ്. ആസ്‌ഥാനമായുള്ള അന്വേഷണാത്‌മക മാധ്യമമായ 'ഡ്രോപ്പ് സൈറ്റ്' ആണു പുറത്തുവിട്ടത്. റഷ്യയുടെ യുൈക്രന്‍ അധിനിവേശത്തില്‍ ഇമ്രാന്‍ ഖാന്‍ സ്വീകരിച്ച നിഷ്‌പക്ഷ നിലപാടില്‍ പ്രകോപിതരായ ജോ ബൈഡന്‍ ഭരണകൂടം, 2022 മാര്‍ച്ച് 7ന് നടന്ന കൂടിക്കാഴ്‌ചയില്‍ ഇമ്രാന്‍ ഖാനെ പ്രധാനമന്ത്രി സ്‌ഥാനത്തുനിന്ന് നീക്കാന്‍ പാക് പ്രതിപക്ഷത്തെ പ്രേരിപ്പിച്ചു എന്നാണു സംഭാഷണം നല്‍കുന്ന സൂചന. അഫ്‌ഗാനിസ്‌ഥാനെതിരേയുള്ള നീക്കങ്ങള്‍ക്കായി യു.എസ്. സൈന്യത്തിനു താവളങ്ങള്‍ അനുവദിക്കാന്‍ ഇമ്രാന്‍ വിസമ്മതിച്ചതും യു.എസിനെ ചൊടിപ്പിച്ചിരുന്നു. തന്റെ സ്വതന്ത്ര വിദേശനയം കാരണം പാകിസ്‌താനിലെ പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളായ പാകിസ്‌താന്‍ മുസ്‌ലിം ലീഗ്(എന്‍), പി.പി.പി. എന്നിവയുമായി ചേര്‍ന്ന് അമേരിക്ക തന്നെ പുറത്താക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ഇമ്രാന്‍ ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു. 'അമേരിക്കയ്‌ക്ക് എന്നെ ഒഴിവാക്കണം... അങ്ങനെ ചെയ്‌താല്‍ ബാക്കി എല്ലാ തെറ്റുകളും അവര്‍ ക്ഷമിക്കും' എന്നാണ് അവര്‍ പാക് പ്രതിപക്ഷത്തോട് പറഞ്ഞിരുന്നതായി 2022 ഏപ്രിലില്‍ ഇമ്രാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആ ആരോപണങ്ങള്‍ വാഷിങ്‌ടണ്‍ ഉടനടി നിഷേധിച്ചു.
ഡ്രോപ്പ് സൈറ്റ് റിപ്പോര്‍ട്ട് അനുസരിച്ച്, 2022 മാര്‍ച്ച് 7നാണ് ഡൊണാള്‍ഡ് ലൂവുമായി അസദ് മജീദ് ഖാന്‍ കൂടിക്കാഴ്‌ച നടത്തിയത്. അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാന്‍ ഖാനെ അധികാരത്തില്‍നിന്നു മാറ്റിയാല്‍ ഇസ്ലാമാബാദിനോടുള്ള വാഷിങ്‌ടണിന്റെ എല്ലാ പരാതികളും മാറ്റിവയ്‌ക്കാമെന്നും 'എല്ലാം ക്ഷമിക്കപ്പെടുമെന്നും' ലൂ പാകിസ്‌താന്‍ അംബാസഡറോട് പറഞ്ഞിരുന്നു. പാകിസ്‌താന്‍ സൈന്യത്തിന്റെ പിന്തുണയോടെ 2022 ഏപ്രില്‍ 9ന് നടന്ന അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാന്‍ പുറത്താക്കപ്പെട്ടു. ഒരു വര്‍ഷത്തിനുശേഷം, അഴിമതി, കോടതിലക്ഷ്യം, ദേശീയ സുരക്ഷാ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ അദ്ദേഹം കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ജയിലിലാവുകയും ചെയ്‌തു. തുടര്‍ന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്‌താന്‍ തെഹ്‌രീകെ ഇന്‍സാഫ് (പി.ടി.ഐ) നിരോധിക്കപ്പെടുകയും 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി ചിഹ്‌നം റദ്ദാക്കപ്പെടുകയും ചെയ്‌തു. സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച പി.ടി.ഐ. അംഗങ്ങള്‍ക്ക് ജനപ്രതിനിധികളായുള്ള അംഗീകാരവും നിഷേധിക്കപ്പെട്ടു.
ഇമ്രാന്‍ ഖാന്റെ പുറത്താക്കലിനു ശേഷം, സൈന്യത്തിന്റെ പിന്തുണയുള്ള പാകിസ്‌താന്‍ സര്‍ക്കാര്‍ യു.എസിന്റെ തന്ത്രപ്രധാനമായ മുന്‍ഗണനകളിലേക്ക് കൂടുതല്‍ അടുക്കുകയും യുൈക്രന്‍ യുദ്ധത്തിനായി പീരങ്കി വെടിക്കോപ്പുകള്‍ വിതരണം ചെയ്യാന്‍ ആരംഭിക്കുകയും ചെയ്‌തു. യു.എസ് കരാറുകാര്‍ വഴിയും മൂന്നാം കക്ഷി ഇടനിലക്കാര്‍ വഴിയുമാണ് ആയുധങ്ങള്‍ കൈമാറിയത്.



