ഭോപ്പാല്‍: കേരളത്തിലെത്തി വിവാഹം കഴിച്ച് വിവാദത്തിലകപ്പെട്ട കുംഭമേള വൈറല്‍ പെണ്‍കുട്ടിയും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്‍ ഖാനും മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് ആരോപിച്ച് വിവാഹം അസാധുവാക്കാനുള്ള സംഘടിതനീക്കത്തില്‍ ഇടപെടണമെന്നും കെട്ടിച്ചമച്ച കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.
തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തില്‍ കഴിഞ്ഞ മാര്‍ച്ച് 11-നായിരുന്നു ഇവരുടെ വിവാഹം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന ആരോപണം ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ ശരിവച്ചതോടെ മധ്യപ്രദേശ് പോലീസ് ഫര്‍മാനെതിരേ പോക്‌സോ കേസെടുത്തു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് മധ്യപ്രദേശ് സര്‍ക്കാര്‍ റദ്ദാക്കിയതും വിവാദമായി. 2008 ജനുവരി ഒന്നിനു ജനിച്ച തനിക്ക് 2026 ജനുവരിയില്‍ 18 വയസ് തികഞ്ഞെന്നും ഫര്‍മാനെ വിവാഹം കഴിച്ചതു സ്വന്തം ഇഷ്‌ടപ്രകാരമാണെന്നും പെണ്‍കുട്ടിയുടെ ഹര്‍ജിയില്‍ പറയുന്നു.
വിവാഹശേഷം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇടപെട്ട് ജനനവര്‍ഷം 2009 എന്ന് തിരുത്തിയതായാണ് ആരോപണം. പഴയ ജനന സര്‍ട്ടിഫിക്കറ്റ് പുനഃസ്‌ഥാപിക്കണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 2008 എന്ന ജനനവര്‍ഷമാണ് ആധാര്‍, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി. എന്നിവയിലുമുള്ളത് ഇക്കാര്യം വിവാഹത്തിനു മുമ്പ് കേരളാ പോലീസ് പരിശോധിച്ചതാണെന്നും ദമ്പതികള്‍ ചൂണ്ടിക്കാട്ടി.
രേഖകള്‍ തിരുത്തിയതും മധ്യപ്രദേശ് സര്‍ക്കാരിന്റെ അധികാരദുര്‍വിനിയോഗവും സംബന്ധിച്ച് സ്വതന്ത്രവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അധികൃതരെ സ്വാധീനിച്ച്, വ്യാജരേഖകളുടെ അടിസ്‌ഥാനത്തില്‍ കേസെടുക്കാന്‍ പ്രേരിപ്പിച്ച ബന്ധുവിനെതിരേയും അന്വേഷണം വേണം. അറസ്‌റ്റ് തടയണം. വിവാഹശേഷം കേരളത്തിലാണ് താമസിക്കുന്നത്. മധ്യപ്രദേശ് പോലീസ് പലവട്ടം കേരളത്തിലെത്തി തങ്ങളുമായി ബന്ധപ്പെട്ടവരെ ചോദ്യംചെയ്‌ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്‌ടിക്കുകയാണ്. ഇതേത്തുടര്‍ന്ന് താമസസ്‌ഥലം നിരന്തരം മാറേണ്ടിവരുന്നു. വ്യക്‌തിപരമായും തൊഴില്‍പരമായും സമാധാനജീവിതം നയിക്കാന്‍ കഴിയുന്നില്ല.
തങ്ങളുടെ വിവാഹം ലൗ ജിഹാദായി ചിത്രീകരിച്ച് ഫര്‍മാനെ പൊതുമധ്യത്തില്‍ അപമാനിക്കുന്നതായും അഭിഭാഷകരായ സുഭാഷ് ചന്ദ്രന്‍, കെ.പി. അനിരുദ്ധ് എന്നിവര്‍ മുഖേന മധ്യപ്രദേശ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നു.മധ്യപ്രദേശ് പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ കേരളാ ഹൈക്കോടതി കഴിഞ്ഞ മാര്‍ച്ചില്‍ ദമ്പതികളുടെ അറസ്‌റ്റ് തടഞ്ഞിരുന്നു. അറസ്‌റ്റ് വിലക്കിക്കൊണ്ടുള്ള ഉത്തരവിന്റെ കാലാവധി ഇന്ന് അവസാനിക്കും. അന്വേഷണത്തിന്റെ നിലവിലെ അവസ്‌ഥ അറിയിക്കാനും മധ്യപ്രദേശ് പോലീസിനോട് കേരളാ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


