ന്യൂഡല്‍ഹി: ജെ.എന്‍.യു. മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദിന് ഡല്‍ഹി കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു. ജാമ്യത്തിന് ഉന്നയിച്ച കാരണങ്ങള്‍ യുക്‌തിരഹിതമാണെന്നു കാട്ടിയാണ് നടപടി. 2020-ല്‍ നടന്ന വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിലെ പ്രതിയാണ് ഉമര്‍ ഖാലിദ്. അമ്മയുടെ ശസ്‌ത്രക്രിയയ്‌ക്കും അമ്മാവന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനും 15 ദിവസത്തെ ജാമ്യമാണ് ഖാലിദ് ആവശ്യപ്പെട്ടത്.
അമ്മയുടെ ശസ്‌ത്രക്രിയ അടിയന്തര സാഹചര്യമല്ലെന്നു ഡല്‍ഹി പോലീസ് ചൂണ്ടിക്കാട്ടി. അമ്മാവനെന്നു പറഞ്ഞത് ഖാലിദിന്റെ അകന്ന ബന്ധുവാണെന്നും ചൂണ്ടിക്കാട്ടി പോലീസ് ഇടക്കാല ജാമ്യത്തെ എതിര്‍ത്തു. കേസ് പരിഗണിച്ച കര്‍ക്കാര്‍ഡൂമ കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി സമീര്‍ ബാജ്‌പായ് പോലീസിന്റെ വാദത്തോടു യോജിച്ചു. ഖാലിദിന്റെ സഹോദരിമാര്‍ക്കും പിതാവിനും ശസ്‌ത്രക്രിയയ്‌ക്ക് ശേഷം അമ്മയെ പരിപാലിക്കാവുന്നതേയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്നു ജാമ്യാപേക്ഷ തള്ളുകയായിരുന്നു. 2020 സെപ്‌റ്റംബറിലാണ് ഖാലിദ് അറസ്‌റ്റിലായത്. ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യു.എ.പി.എ) പ്രകാരമുള്ള മറ്റ് നിരവധി കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്ക് വിചാരണ നേരിടുകയാണിപ്പോള്‍.


