മോസ്‌കോ/ന്യൂഡല്‍ഹി: സെപ്‌റ്റംബര്‍ 12, 13 തീയതികളില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയിലെത്തുമെന്ന് സ്‌ഥിരീകരിച്ച് ക്രെംലിന്‍. ഒരു വര്‍ഷത്തിനുള്ളില്‍ പുടിന്റെ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ യാത്രയാണിത്.
റഷ്യയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരവും പ്രതിരോധപരവുമായ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിലേക്ക് സന്ദര്‍ശനം വിരല്‍ചൂണ്ടുന്നു. രാജ്യാന്തര സുരക്ഷാ വെല്ലുവിളികള്‍, സാമ്പത്തിക സഹകരണം, ബഹുധ്രുവ ലോകക്രമം കെട്ടിപ്പടുക്കാനുള്ള ഉദ്യമങ്ങള്‍ എന്നിവ ബ്രിക്‌സ് സമ്മേളനം അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ഡിസംബറില്‍ 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ പുടിന്‍ ഇന്ത്യയിലെത്തിയിരുന്നു. അന്ന് സുപ്രധാന മേഖലകളില്‍ ഉഭയകക്ഷി സഹകരണം വികസിപ്പിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിന്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തി.ഈ മാസം ആദ്യം, ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ഇന്ത്യയിലെത്തിയിരുന്നു.


