പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും കൃഷിനാശമുണ്ടായ കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കാന്‍ കൃഷിവകുപ്പ് അധികൃതര്‍ തയാറാകണമെന്ന് കര്‍ഷകരക്ഷാസമിതി യോഗം ആവശ്യപ്പെട്ടു.
മേഖലയിലെ നിരവധി കര്‍ഷകരുടെ വാഴ, കുമക്, തെങ്ങ് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ വ്യാപകമായി നശിച്ചിട്ടും കൃഷിനാശമുണ്ടായ കര്‍ഷകരുടെ കൃഷിയിടങ്ങളിലെത്തി കണക്ക് ശേഖരിക്കുന്നതിന് അധികൃതര്‍ തയാറായിട്ടില്ല. കൃഷിനാശം തിട്ടപ്പെടുത്തിയ ശേഷം മാത്രമേ ഒടിഞ്ഞുവീണ വാഴക്കുലകള്‍ ഉള്‍പ്പെടെ വെട്ടിമാറ്റാനാകൂ. കൃഷി വകുപ്പ് അധികൃതരെ നേരിട്ട് അറിയിച്ചിട്ടും ഓണ്‍ലൈനായി അപേക്ഷ നല്‍കിയിട്ടും പല പ്രദേശങ്ങളിലും കൃഷിവകുപ്പ് അധികൃതര്‍ സ്‌ഥലത്തെത്തി അന്വേഷണം നടത്തിയില്ലെന്നും അടിയന്തരമായി ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഉള്‍പ്പെടെ ഇടപെട്ട് കൃഷി നാശം തിട്ടപ്പെടുത്താന്‍ അടിയന്തര നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. പി.ജെ. ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. ടി.ജെ. മാത്യു, എ.ജെ. ജോര്‍ജ്, രവികുമാര്‍, കെ.ജെ. ജോസ്, പി.വി. ബാബു പ്രസംഗിച്ചു.




