
മേപ്പാടി: നെടുമ്പാല-പള്ളിക്കവല റോഡ് പ്രവൃത്തി മാസങ്ങളായി നടക്കുന്നില്ല. പലേടത്തും റോഡ് പൊള്ളിച്ചിട്ട ശേഷം പ്രവൃത്തി നടക്കാത്തതിനാല്‍ റൂട്ടില്‍ ഗതാഗത തടസവും വാഹന യാത്രക്കാര്‍ തമ്മിലുള്ള തര്‍ക്കങ്ങളും പതിവാണ്. ഒന്നര കിലോമാറ്റര്‍ ദൂരമേയുള്ളുവെങ്കിലും ഗതാഗത ത്തിരക്കുള്ള റോഡാണിത്. വിനോദ സഞ്ചാരികളുടേതടക്കം അമ്പലവയല്‍ ഭാഗത്തു നിന്ന് മേപ്പാടിയിലേക്കുള്ള വാഹനങ്ങള്‍ ഇതു വഴിയാണിപ്പോള്‍ കടന്നു പോകുന്നത്.
നൂറു കണക്കിന് വാഹനങ്ങളാണ് നിത്യേന ഇതുവഴി കടന്നു പോകുന്നത്. ഭാരം കയറ്റിയ ലോറികളും ടിപ്പറുകളുമടക്കം നൂറു കണക്കിന് വാഹനങ്ങള്‍ ഇതുവഴി വരുമ്പോള്‌ഡ അങ്ങോട്ടുമിങ്ങോട്ടും കടന്നു പോകാന്‍ വിഷമിക്കുന്ന സ്‌ഥിതിയാണ്. റോഡിന് അനുവദിച്ചിട്ടുള്ളത് കേന്ദ്ര സര്‍ക്കാര്‍ ഫണ്ടാണെങ്കിലും പണികള്‍ക്ക് നേതൃത്വം വഹിക്കുന്നത് പൊതുമരാമത്ത് വകുപ്പാണ്. പ്രവൃത്തികള്‍ കരാര്‍ നല്‍കിയതും ഈ വകുപ്പാണ്. ഇതര സംസ്‌ഥാന തൊഴിലാളികളെ വച്ചാണ് പ്രവൃത്തി നടത്തിവന്നത്. ബംഗാളില്‍ നിന്നുള്ള തൊഴിലാളികള്‍ വോട്ട് ചെയ്ായനായി നാട്ടിലേക്ക് പോയ ശേഷം തിരികെയെത്തിയിട്ടില്ല. പലരും തിരിച്ചുവരില്ല എന്ന വിവരവും പുറത്തു വരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഒരു പണിയും നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ കരാറുകാരും കുടുങ്ങിയിരിക്കുകയാണ്. തൊഴിലാളികളെ കിട്ടാനില്ലെന്നാണ് പറയുന്നത്. പ്രവൃത്തി പാതിവഴിയിലാണെങ്കിലും റൂട്ടില്‍ വാഹനങ്ങളുടെ എണ്ണം പെരുകി വരികയാണ്. ഗതാഗതത്തിന് തടസം നേരിടുന്ന അവസ്‌ഥയില്‍ വാഹന യാത്രക്കാരും ഡ്രൈവര്‍മാരും തമ്മില്‍ വാക്കുതര്‍ക്കങ്ങളും സംഘര്‍ഷങ്ങളും പതിവായി നടക്കുന്നു. മഴ പെയ്‌തതോടെ റോഡില്‍ പലയിടത്തും ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. അതുകൊണ്ടുള്ള ദുരിതവും സഹിക്കേണ്ട അവസ്‌ഥയാണ്. റോഡ് പണി അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.



