
ബത്തേരി: വര്‍ഷങ്ങളായി അപകട ഭീഷണി ഉയര്‍ത്തുന്ന വൈദ്യുതി ലൈന്‍ മാറ്റിസ്‌ഥാപിക്കാന്‍ നടപടി സ്വീകരിക്കാതെ അധികൃതര്‍. ബത്തേരി തൊടുവട്ടി ചെക്‌ഡാമിനോട് ചേര്‍ന്ന് പോകുന്ന വൈദ്യുതി ലൈനാണ് മരത്തിലുരസിയും താഴ്‌ന്നും കിടക്കുന്നത്. തൊടുവട്ടിയിലെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് ചെക്ക് ഡാമിന് സമീപത്തുകൂടി വയലിലേക്ക് പോകുന്ന വൈദ്യുതിലൈനാണിത്. വര്‍ഷങ്ങളായി അപകടഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും മാറ്റി സ്‌ഥാപിക്കാന്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. ചെക്‌ഡാമിന്റെ ഒരുഭാഗത്ത് ഒരാള്‍ക്ക് കൈയെത്തിച്ചാല്‍ തൊടാവുന്ന ഉയരത്തില്‍ വൈദ്യുതി ലൈന്‍ താഴ്‌ന്നു കിടക്കുന്നുമുണ്ട്. ഇത് കര്‍ഷകര്‍ക്കടക്കം വലിയ അപകടഭീഷണിയാണ്.
നിരവധി തവണ അധികൃതരോട് ഈ ലൈന്‍ മാറ്റിസ്‌ഥാപിച്ച് അപകടഭീതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിനിടയില്‍ ഒരുതവണ കെ.എസ്.ഇ.ബി അധികൃതര്‍ സ്‌ഥലം സന്ദര്‍ശിച്ചെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. മരത്തിലുരസി വൈദ്യുതി ലൈന്‍ കടന്നുപോകുന്നത് മഴക്കാലത്ത് കൂടുതല്‍ അപകടത്തിന് കാരണമായേക്കാമെന്നും ഭീഷണി ഒഴിവാ ക്കാന്‍ അടിയന്തര നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.



