
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആർ.എസ്.എസ് എന്നിവർ "രാജ്യദ്രോഹികൾ" ആണെന്ന് ജനങ്ങളോട് വിളിച്ചുപറയാൻ ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനം. രാഹുൽ ഗാന്ധിയുടെ ഭാഷ പാകിസ്താന്റെയും ആ രാജ്യം പിന്തുണയ്ക്കുന്ന ഭീകരവാദികളുടെയും ഭാഷയ്ക്ക് സമാനമാണെന്ന് ബി.ജെ.പി നേതാക്കൾ കുറ്റപ്പെടുത്തി.
ബുധനാഴ്ച ഉത്തർപ്രദേശിലെ റായ്ബറേലിയിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞത് ഇങ്ങനെയാണ്:"നിങ്ങൾ വീട്ടിലേക്ക് മടങ്ങുമ്പോൾ, ഈ ആർ.എസ്.എസ് പ്രവർത്തകർ നിങ്ങളുടെ അടുത്ത് വന്ന് നരേന്ദ്ര മോദിയെക്കുറിച്ചും അമിത് ഷായെക്കുറിച്ചും സംസാരിക്കും. നിങ്ങൾ അവരുടെ മുഖത്തുനോക്കി പറയണം, 'നിങ്ങളുടെ പ്രധാനമന്ത്രി ഒരു രാജ്യദ്രോഹിയാണ്, നിങ്ങളുടെ ആഭ്യന്തര മന്ത്രി ഒരു രാജ്യദ്രോഹിയാണ്, നിങ്ങളുടെ സംഘടനയും രാജ്യദ്രോഹികളാണ്. നിങ്ങൾ ഇന്ത്യയെ ഒറ്റുകൊടുക്കാനാണ് പണിയെടുത്തത്. നിങ്ങൾ ഞങ്ങളുടെ ഭരണഘടനയെയും ബി.ആർ അംബേദ്കറെയും മഹാത്മാഗാന്ധിയെയും ആണ് ആക്രമിച്ചത്.' ഇത് അവരോട് ഉറപ്പിച്ചു പറയുക."
പിന്നീട് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ, ഇന്റർനെറ്റിലെ പ്രശസ്തമായ 'മെലോഡി' ട്രോളുകളെ അനുസ്മരിപ്പിക്കും വിധം ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് പ്രധാനമന്ത്രി മോദി മെലഡി മിഠായി പാക്കറ്റ് നൽകിയ വൈറൽ വീഡിയോയെയും രാഹുൽ ഗാന്ധി പരിഹസിച്ചു.
രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോൾ നമ്മുടെ പ്രധാനമന്ത്രി ഇറ്റലിയിൽ പോയി മിഠായി വിതരണം ചെയ്യുന്ന തിരക്കിലാണ്. കർഷകരും യുവാക്കളും സ്ത്രീകളും തൊഴിലാളികളും ചെറുകിട വ്യാപാരികളും കണ്ണീരൊഴുക്കുമ്പോൾ പ്രധാനമന്ത്രി ചിരിച്ചുകൊണ്ട് റീലുകൾ ഉണ്ടാക്കുന്നു, ബി.ജെ.പിക്കാർ അതിന് കൈയടിക്കുന്നു. ഇത് ഭരണമല്ല, ഇതൊരു നാടകമാണ്," അദ്ദേഹം കുറിച്ചു.
രാഹുൽ ഗാന്ധിക്കെതിരെ കടുത്ത ഭാഷയിലാണ് ബി.ജെ.പി നേതാക്കൾ രംഗത്തുവന്നത്. അദ്ദേഹം ഇന്ത്യൻ ഭരണകൂടത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ ഭാഷ ഒരു ശത്രുരാജ്യത്തിന്റേത് പോലെയായി മാറിയിരിക്കുന്നു. ഒരു ശത്രുരാജ്യം സംസാരിക്കുന്ന രീതിയിലാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നത്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ലോകത്തിന് നന്നായി അറിയാം. അതിന് രാഹുൽ ഗാന്ധിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇന്ന് രാഹുൽ ഗാന്ധി രാജ്യത്ത് അശാന്തി ആഗ്രഹിക്കുന്നു, എന്നാൽ ഈ രാജ്യത്തെ ജനങ്ങളും യുവാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഒപ്പമാണെന്ന് അദ്ദേഹം മറക്കരുത് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.
ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി രാഹുലിന്റെ പ്രസ്താവന ജനാധിപത്യത്തോടുള്ള അപമാനമാണെന്ന് വിശേഷിപ്പിച്ചു. രാഹുൽ ഗാന്ധി 140 കോടി ഇന്ത്യക്കാരെയാണ് രാജ്യദ്രോഹികൾ എന്ന് വിളിക്കുന്നത്. അദ്ദേഹത്തിന്റെ ഭാഷ പാകിസ്താന്റെയും പാക് അനുകൂല ഭീകരരുടെയും ഭാഷയാണ്. രാഹുൽ ഗാന്ധി ഒരു രാഷ്ട്രീയ എതിരാളിയായല്ല, മറിച്ച് ഇന്ത്യൻ ഭരണകൂടത്തോട് പോരാടാൻ ആഗ്രഹിക്കുന്ന ആളായാണ് പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.






