ദോഹ: പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മില്‍ നടത്തുന്ന പരോക്ഷ ചര്‍ച്ചകളില്‍ വ്യക്തത വരാന്‍ ഇനിയും സമയമെടുക്കുമെന്ന് ഖത്തര്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര നീക്കങ്ങള്‍ സങ്കീര്‍ണമായ സാഹചര്യത്തിലാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനാല്‍ പുതിയ ആക്രമണങ്ങളില്‍നിന്ന് തല്ക്കാലം പിന്തിരിയണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ തന്നോട് ആവശ്യപ്പെട്ടിരുന്നതായി യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വെളിപ്പെടുത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണെന്ന നിലപാട് ഖത്തറും വ്യക്തമാക്കിയത്.
അതേസമയം, നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെടുകയാണെങ്കില്‍ ഇറാനെതിരേ ശക്തമായ സൈനിക നടപടിക്ക് യു.എസ്. സജ്ജമാണെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് മുന്നറിയിപ്പ് നല്കി. കഴിഞ്ഞ മാസം ഇറാനിലെ എണ്ണ ശുദ്ധീകരണശാലയ്ക്കുനേരേ ഉണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ഇറാന്റെ തീരങ്ങളില്‍ വന്‍തോതില്‍ എണ്ണച്ചോര്‍ച്ച ഉണ്ടായതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മേഖലയില്‍ യുദ്ധാന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗള്‍ഫ് രാജ്യങ്ങള്‍.
ഷഫീക്ക് അറയ്ക്കല്‍




