റോം: പ്രധാനമന്ത്രി നരേന്ദ്ര മോദി റോം സന്ദര്‍ശനവേളയില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിക്കായി ഇന്ത്യയില്‍നിന്ന് ഒരു പ്രത്യേക സമ്മാനം കരുതിയിരുന്നു. പാര്‍ലെ മെലഡി മിഠായിയുടെ ഒരു പായ്‌ക്കറ്റ്. ഇരു നേതാക്കളും തമ്മിലുള്ള സൗഹൃദത്തിന് ആക്കം കൂട്ടുന്നതായിരുന്നു ആ 'മെലഡി' പായ്‌ക്കറ്റ്.
'സമ്മാനത്തിന് നന്ദി'. 'വെരി, വെരി ചോക്ലേറ്റി' എന്ന ടാഗ്‌ലൈനുള്ള ജനപ്രിയ ഇന്ത്യന്‍ മിഠായിയുടെ പായ്‌ക്കറ്റുമായി മോദിയും മെലോണിയും ചിരിച്ചുനില്‍ക്കുന്ന ചിത്രം ഉള്‍പ്പെടെ പങ്കുവച്ച് സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ മെലോണി കുറിച്ചു. 'മെലോ'ണിയുടെയും മോ'ഡി'യുടെയും പേരുകള്‍ കൂട്ടിച്ചേര്‍ന്നുള്ള 'മെലോഡി' ടാഗ് ്ലൈനില്‍ ഇരുനേതാക്കളും തമ്മിലുള്ള ഊഷ്‌മള നിമിഷങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്‌തു.
മോദി-മെലോണി ബന്ധം വെറുമൊരു ഫോട്ടോ സെഷനല്ലെന്ന് വിദേശകാര്യവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ചടുലതയാര്‍ന്ന വിദേശനയമാണത്. മെലോണിയുമായുള്ള മോദിയുടെ ഉറ്റബന്ധത്തിനുപിന്നാലെ യൂറോപ്പ്, പ്രത്യേകിച്ച് ഇറ്റലി, ഇന്ത്യയുടെ ഏറ്റവും സ്വാധീനമുള്ള രാജ്യാന്തര പങ്കാളിയായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്ത്യ-പശ്‌ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിക്കായാണ് ഇരു രാജ്യങ്ങളുടെയും ശ്രമം. ഈ പദ്ധതിയില്‍ ഇന്തോ-പസഫിക്കിലേക്കുള്ള യൂറോപ്പിന്റെ കവാടമായി റോമിനെ കാണാം.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 16.77 ബില്യന്‍ ഡോളര്‍ കവിഞ്ഞു. 'ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ നിര്‍ണായക ഘട്ടത്തിലെത്തി. സമീപ വര്‍ഷങ്ങളില്‍ നമ്മുടെ ബന്ധം അഭൂതപൂര്‍വമായ വേഗതയില്‍ വികസിച്ചു.
സൗഹൃദത്തില്‍നിന്ന് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങളിലൂന്നിയ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് പരിണമിച്ചു.'- ഇന്നലെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇരു നേതാക്കളും കുറിച്ചു. പ്രതിരോധം, ബഹിരാകാശം, യന്ത്രങ്ങള്‍, ഓട്ടോമോട്ടീവ് ഘടകങ്ങള്‍, രാസവസ്‌തുക്കള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, തുണിത്തരങ്ങള്‍, കാര്‍ഷിക-ഭക്ഷണം, ടൂറിസം എന്നിവയിലൊക്കെയായി 2029-ല്‍ 20 ബില്യന്‍ യൂറോയുടെ വ്യാപാരമാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
ഇന്നലെ റോമില്‍ എത്തിയ പ്രധാനമന്ത്രി മോദി അത്താഴവേളയില്‍ മെലോണിയെ കണ്ടു. തുടര്‍ന്ന് ഇരുവരും പ്രശസ്‌തമായ കൊളോസിയം സന്ദര്‍ശിച്ചു. അവിടെ അവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് സംവദിച്ചു.
മോദിക്ക് നന്ദി പ്രകാശിപ്പിച്ച് പാര്‍ലെ
മുംബൈ: തങ്ങളുടെ മിഠായിക്ക് രാജ്യാന്തരതലത്തില്‍ പ്രചാരം നല്‍കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നന്ദിപ്രകാശിപ്പിച്ച് പാര്‍ലെ. ഇറ്റാലിയന്‍ സന്ദര്‍ശനത്തിനിടെ അവിടത്തെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിക്ക് പാര്‍ലെയുടെ 'മെലഡി' ചോകേ്ലറ്റ് പായ്‌ക്കറ്റ് സമ്മാനമായി നല്‍കിയത് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരുന്നു. 'മെലഡി ചോക്ലേറ്റിന്റെ നിര്‍മ്മാതാക്കളായ പാര്‍ലെ പ്ര?ഡക്‌ട്‌സിന് ഇത് തികച്ചും അപ്രതീക്ഷിതമായ ഒരു വലിയ സമ്മാനമായി' എന്ന് പാര്‍ലെ വൈസ് പ്രസിഡന്റ് മായങ്ക് ഷാ പറഞ്ഞു. ഞങ്ങള്‍ക്ക് ഇതിനെക്കുറിച്ച് മുന്‍കൂട്ടി യാതൊരു വിവരവുമില്ലായിരുന്നു. ഇത് തികച്ചും അപ്രതീക്ഷിതവും സന്തോഷം നല്‍കുന്നതുമായ ഒന്നാണ്. ഞങ്ങളുടെ ബ്രാന്‍ഡിനെ രാജ്യാന്തര വേദിയില്‍ എത്തിച്ചതിന് പ്രധാനമന്ത്രിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല'-പാര്‍ലെ എക്‌സിലെ പോസ്‌റ്റില്‍ കുറിച്ചു.
വീഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെ ക്വിക്ക്-കൊമേഴ്‌സ് ആപ്പുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും മെലഡി ചോക്ലേറ്റിനായുള്ള ഡിമാന്‍ഡ് കുത്തനെ ഉയര്‍ന്നു. നിലവില്‍ ഇരുനൂറിലധികം രാജ്യങ്ങളിലേക്ക് മെലഡി കയറ്റുമതി ചെയ്യുന്നുണ്ട്.



