
തിരുവനന്തപുരം: മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച ഔദ്യോഗിക ധാരണയായതോടെ, ഭരണനടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രിമാര്‍ ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍ വിളിച്ചുതുടങ്ങി. പുതിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഉന്നതതല പൊലീസ് യോഗം ശനിയാഴ്ച നടക്കും. പൊലീസ് ആസ്ഥാനത്ത് നടക്കുന്ന ഈ യോഗത്തില്‍ ഡിജിപി മുതല്‍ ജില്ലാ പൊലീസ് മേധാവിമാര്‍ വരെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് പങ്കെടുക്കും. പുതിയ സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം ചേരുന്ന പോലീസ് മേധാവികളുടെ ആദ്യയോഗമാണ്.
രമേശ് ചെന്നിത്തല നേരിട്ട് യോഗത്തിനെത്തുമെന്നാണ് അറിയിച്ചത്. സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്തല്‍, ലഹരിമരുന്ന് വ്യാപനവും ഗുണ്ടാ ആക്രമണങ്ങളും തടയല്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച നടത്തും. പൊലീസ് മര്‍ദനങ്ങള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ കര്‍ശന നിലപാട് വ്യക്തമാക്കലും ഇതിലുണ്ടാകും. ഗുണ്ടാ ആക്രമണങ്ങള്‍ എന്നിവ ചര്‍ച്ചയാകും. പൊലീസ് മര്‍ദനങ്ങളിലെ സര്‍ക്കാര്‍ നിലപാടും അറിയിക്കും.
രണ്ടാംവട്ടമാണ് ആഭ്യന്തര വകുപ്പിന്റെ തലപ്പത്തേക്ക് രമേശ് ചെന്നിത്തല എത്തുന്നത്. മന്ത്രിമാരിലെ സീനിയര്‍ മുഖമായ രമേശ് ചെന്നിത്തലയ്ക്കിത് മന്ത്രിപദവിയിലെ മൂന്നാമൂഴമാണ്. ആഭ്യന്തരവും വിജിലന്‍സുമാണ് രമേശ് ചെന്നിത്തലയുടെ വകുപ്പുകളെന്നാണ് വിവരം. 2011ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ അവസാന ഒരു വര്‍ഷം ആഭ്യന്തര മന്ത്രിയായിരുന്നു. മൂന്‍ ഡിജിപി എ ഹേമചന്ദ്രനെ ആഭ്യന്തരമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായി നിയമിച്ചിട്ടുണ്ട്. 1986 ല്‍ കെ. കരുണാകരന്‍ സര്‍ക്കാരില്‍ ആദ്യമായി മന്ത്രിയാകുമ്പോള്‍ രമേശ് ചെന്നിത്തലയ്ക്ക് 30 വയസ്സായിരുന്നു.






