
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് നടി മീര ജാസ്മിൻ. അദ്ദേഹത്തിന്റെ അഭിനയത്തോടുള്ള അചഞ്ചലമായ സമർപ്പണത്തെയും മാന്യതയെയും പ്രശംസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെയാണ് താരം ആശംസകൾ പങ്കുവെച്ചത്. ഇന്ന് തീയേറ്ററുകളിലെത്തുന്ന 'ദൃശ്യം 3' വലിയ വിജയമാകട്ടെ എന്ന ആശംസയും മീര ജാസ്മിൻ കുറിപ്പിൽ പങ്കുവെച്ചു.
‘അസാധാരണ പ്രതിഭയായ ഒരു നടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ! ഓരോ പ്രോജക്റ്റിനോടുമുള്ള നിങ്ങളുടെ ആ കൊച്ചുകുട്ടികളെപ്പോലെയുള്ള ആവേശവും, സമാനതകളില്ലാത്ത അഭിനിവേശവും, സ്വന്തം കലയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും ഈ സിനിമാ ലോകത്ത് ഇപ്പോഴും ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നു. കഴിവ്, മാന്യത, സമർപ്പണം എന്നിവയുടെയെല്ലാം ഒരളവുകോലാണ് നിങ്ങൾ. ഇത്രയും അടുത്തുനിന്ന് നിങ്ങളുടെ പ്രകടനം കാണാൻ കഴിഞ്ഞത് ഒരു ബഹുമതി തന്നെയാണ്. നിങ്ങൾക്ക് എന്റെ ആശംസകൾ, ഒപ്പം 'ദൃശ്യം 3' ഇന്ന് വെള്ളിത്തിരയിൽ ചരിത്രം കുറിക്കട്ടെ’-മീരയുടെ വാക്കുകള്‍.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കോമ്പോകളിൽ ഒന്നാണ് മോഹൻലാലും മീര ജാസ്മിനും. 'രസതന്ത്രം', 'ഇന്നത്തെ ചിന്താവിഷയം', 'ലേഡീസ് ആൻഡ് ജെന്റിൽമാൻ' തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മീര ജാസ്മിൻ മോഹൻലാലിനൊപ്പം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.






