
മലയാള സിനിമാ ചരിത്രം തിരുത്തിക്കുറിച്ച മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ 'ദൃശ്യം' ഫ്രാഞ്ചൈസിക്ക് ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരാണുള്ളത്. എന്നാൽ ഈ സിനിമ തന്റെ കരിയർ മാത്രമല്ല, സ്വന്തം ജീവിതം തന്നെ മാറ്റിമറിച്ചുവെന്ന് പറയുകയാണ് ചിത്രത്തിൽ ജോർജുകുട്ടിയുടെ ഇളയ മകളായി തിളങ്ങിയ എസ്തർ അനിൽ. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് 'ദൃശ്യം 3' തിയേറ്ററുകളിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ താരം പങ്കുവെച്ച ഹൃദയസ്പർശിയായ ഇൻസ്റ്റാഗ്രാം കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
2010 ല്‍ ഒരു ബാലതാരമായാണ് ഞാന്‍ അഭിനയരംഗത്തേക്ക് വരുന്നത്. ചെറിയ വേഷങ്ങളിലൂടെ സിനിമ പഠിച്ചു തുടങ്ങി. പിന്നീട് 2013 ല്‍ എന്റെ ജീവിതം എന്നെന്നേക്കുമായി മാറി. ദൃശ്യം സംഭവിച്ചു.
ആ സിനിമ എല്ലാം മാറ്റിമറിച്ചു. എന്നെ ഇന്ത്യയിലുടനീളമുളള പ്രേക്ഷകരിലേക്ക് എത്തിച്ചു, ഞാന്‍ സ്വപ്‌നം കാണാത്ത പല വാതിലുകളും എനിക്ക് വേണ്ടി തുറന്നുതന്നു. ഒരുപക്ഷേ എന്റെ സിനിമായാത്രയെക്കാള്‍ ഉപരി, എന്റെ ജീവിതത്തെയാണ് ആ സിനിമ കൂടുതല്‍ സ്വാധീനിച്ചത്.
അങ്ങനെ വര്‍ഷങ്ങള്‍ക്കിപ്പുറം ദൃശ്യം 3 പുറത്തിറങ്ങാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഇപ്പോള്‍ എന്റെ മനസ്സില്‍ നൂറു കൂട്ടം വികാരങ്ങളാണ്. എങ്കിലും, ഈ നിമിഷം എനിക്ക് തോന്നുന്നത് അങ്ങേയറ്റത്തെ നന്ദിയാണ്.
ഈ സിനിമയെ നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തോട് ചേര്‍ത്തുവെച്ചു, അതില്‍ എനിക്കും ഒരിടം തന്നു. ഒരുപക്ഷേ, എന്നും ദൃശ്യത്തിലെ ആ കൊച്ചുകുട്ടിയായി തന്നെ.
നാളെ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. എന്നാല്‍ ഇത്രയും വര്‍ഷങ്ങളായി നിങ്ങള്‍ എനിക്ക് നല്‍കിയ എല്ലാത്തിനും നന്ദി പറയാന്‍ ഞാന്‍ ഈ നിമിഷം ആഗ്രഹിക്കുന്നു. ഇനിയും മനോഹരമായ ഒരുപാട് കാര്യങ്ങള്‍ കാത്തിരിപ്പുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി- എസ്തറിന്റെ വാക്കുകള്‍.






