
മകന് വിയാന്റെ 14-ാം ജന്മദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഹൃദമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടി ശില്‍പ ഷെട്ടി. വിയാന്റെ മനോഹരമായ ചിത്രങ്ങള്‍ ചേര്‍ത്തുളള വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.
''ലോകത്തിലെ ഏറ്റവും മികച്ച മാച്ച ചായ ഉണ്ടാക്കുന്നവനും, പാര്‍ട്ട് ടൈം സ്റ്റാന്‍ഡ്-അപ്പ് കോമഡിയനും, സ്ലൈം മേക്കറും, മൂവി മേക്കറും/എഡിറ്ററും, കുക്കി നിര്‍മ്മാണത്തിലെ മാസ്റ്ററും, സ്‌നീക്കര്‍ഹെഡും എനിക്കറിയാവുന്നതില്‍ വച്ച് ഏറ്റവും ദയയുള്ള മൃഗസ്‌നേഹിയുമായ എന്റെ മോന് പതിനാലാം ജന്മദിനാശംസകള്‍.
കണക്കിന്റെ കാര്യത്തില്‍ ഇപ്പോഴും ദൈവത്തിന്റെ ഒരു ചെറിയ കൈസഹായം ആവശ്യമുണ്ട്. എങ്കിലും ഇതെല്ലാം കൂട്ടി നോക്കുമ്പോള്‍, ലോകത്തിലെ ഏറ്റവും മികച്ച ഒരു മകനെയാണ് എനിക്ക് കിട്ടിയിരിക്കുന്നത്, ഒപ്പം എന്നെ ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യവതിയായ അമ്മയാക്കുകയും ചെയ്യുന്നു. എന്നെ നിന്റെ അമ്മയായി തിരഞ്ഞെടുത്തതിന് നന്ദി, എന്റെ ജാന്‍. നീ ഇത്രയും തമാശക്കാരനും, സ്‌നേഹമുള്ളവനും, ചിന്താശേഷിയുള്ളവനുമായ ഒരു കൊച്ചു മനുഷ്യനായി വളരുന്നത് കാണുന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം.
നിന്റെ എല്ലാ സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാകട്ടെ, നിന്റെ ഈ പുഞ്ചിരി എപ്പോഴും ഇതുപോലെ തിളങ്ങിനില്‍ക്കട്ടെ, നിന്റെ മനോഹരമായ ഹൃദയത്തിലെ മാന്ത്രികത ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ. അമ്മയ്ക്കും അച്ഛനും നിന്നെക്കുറിച്ച് ഓര്‍ത്ത് ഒരുപാട് അഭിമാനമുണ്ട്. ഞങ്ങളുടെ കൊച്ചു മിടുക്കന്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും നീ എപ്പോഴും ഞങ്ങളുടെ കുഞ്ഞാവയായിരിക്കും'' , എന്നാണ് ശില്‍പ ഷെട്ടിയുടെ വാക്കുകള്‍.ബിസിനസുകാരനായ രാജ് കുന്ദ്രയാണ് ശില്‍പയുടെ ഭര്‍ത്താവ്. സമീഷ എന്നൊരു മകള്‍ കൂടിയുണ്ട് ഇവര്‍ക്ക്.






