
തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി കേരളാനിയമസഭയില്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ മൂന്ന് പേര്‍. എല്‍ഡിഎഫിന്റെ എ.സി. മൊയ്തീന്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എന്‍ഡിഎയ്ക്കായി ബി.ബി. ഗോപകുമാര്‍ എന്നിവരാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. നാളെയാണ് സ്പീക്കര്‍ സ്ഥാനത്തേക്കുള്ള മത്സരം.
നിയമസഭയില്‍ ഇതാദ്യമായി ഒന്നില്‍ കൂടുതല്‍ അംഗങ്ങളുള്ള ബിജെപി ചാത്തന്നൂര്‍ എംഎല്‍എ ബി.ബി. ഗോപകുമാറിനെയാണ് മത്സരിപ്പിക്കുന്നത്. എണ്ണമല്ല സര്‍ക്കാരിനെതിരേ എപ്പോഴും ഒരു തിരുത്തല്‍ ശക്തിയായി നിലകൊള്ളും എന്ന സൂചന നല്‍കാന്‍ വേണ്ടിയാണ് മത്സരിക്കുന്നതെന്നാണ് ബിജെപിയുടെ നിലപാട്. ബിജെപിയ്ക്ക് സഭയില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ എന്നിവരാണ് ബി.ബി. ഗോപകുമാറിനെ കുടാതെ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് വന്ന ബിജെപി അംഗങ്ങള്‍.
ഇന്ന് എംഎല്‍എ മാരുടെ സത്യപ്രതിജ്ഞ സഭയില്‍ പൂര്‍ത്തിയായിരുന്നു. ബിജെപിയ്ക്ക് വേണ്ടി ആദ്യം ബി.ബി. ഗോപകുമാറും പിന്നാലെ രാജീവ് ചന്ദ്രശേഖറും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നേരത്തേ ആദ്യമായി ബിജെപി സഭയില്‍ സാന്നിദ്ധ്യം അറിയിച്ചപ്പോള്‍ നേമം എംഎല്‍എ ആയിരുന്ന ഒ രാജഗോപാല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതാദ്യമായിട്ടാണ് ബിജെപി ഒന്നില്‍ കൂടുതല്‍ പേരെ സഭയില്‍ എത്തിക്കുന്നത്. ഇതാദ്യമായിട്ടാണ് സ്പീക്കര്‍ സ്ഥാനത്ത് ത്രികോണ മത്സരവും.






