
സിനിമാപ്രേമികൾക്ക് ഏറെ സർപ്രൈസ് നൽകുന്ന ഒരു അപൂർവ കൂടിക്കാഴ്ചയുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രിയ നടി ശോഭനയും ജനപ്രിയ നടൻ നിവിൻ പോളിയും തമ്മിലുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ ബ്രിസ്ബണിൽ വെച്ചായിരുന്നു ഈ സുന്ദര നിമിഷം.
റോഡിലൂടെ നടന്നുപോകുന്നതിനിടെ യാദൃശ്ചികമായാണ് നിവിന്‍ പോളിയെയും കുടുംബത്തെയും ശോഭന കണ്ടുമുട്ടിയത്. അവര്‍ക്കൊപ്പമുളള ഒരു കൊച്ചുവീഡിയോ ശോഭന തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.‘ഓസ്‌ട്രേലിയയിൽ വെച്ചൊരു യാദൃശ്ചിക കൂടിക്കാഴ്ച’ എന്ന മനോഹരമായ ക്യാപ്ഷനോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോയിൽ നിവിൻ പോളിക്കും കുടുംബത്തിനുമൊപ്പം അവരുടെ ചില സുഹൃത്തുക്കളെയും കാണാം. മലയാള സിനിമയിലെ രണ്ട് തലമുറകളിലെ പ്രിയപ്പെട്ട താരങ്ങളെ ഒന്നിച്ച് കണ്ടതിന്റെ ആവേശത്തിലും സന്തോഷത്തിലുമാണ് ഇപ്പോൾ ആരാധകർ.






