
ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കിന്‍ഷാസയില്‍ മൂന്ന് ദിവസത്തേക്ക് നടത്താനിരുന്ന ഡി.ആര്‍. കോംഗോയുടെ ലോകകപ്പ് പരിശീലന ക്യാമ്പ് ബെല്‍ജിയത്തിലേക്ക് മാറ്റി. രാജ്യത്ത് എബോള പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ദേശീയ ഫുട്‌ബോള്‍ ടീം തങ്ങളുടെ നാട്ടില്‍ നിശ്ചയിച്ചിരുന്ന ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പ് റദ്ദാക്കി.
ഇതോടെ ഡി.ആര്‍. കോംഗോയുടെ ഫിഫ ലോകകപ്പ് പങ്കാളിത്തത്തിന്മേല്‍ ചോദ്യചിഹ്നങ്ങള്‍ ഉയരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കിഴക്കന്‍ ഡി.ആര്‍. കോംഗോയില്‍ രോഗബാധ സ്ഥിരീകരിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, രോഗം ബാധിച്ചതായി സംശയിക്കുന്ന 600 ഓളം ആളുകളില്‍ 130 പേര്‍ ഇതിനകം മരണമടഞ്ഞു. എബോള പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ ഡി.ആര്‍. കോംഗോ, ഉഗാണ്ട അല്ലെങ്കില്‍ ദക്ഷിണ സുഡാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച അമേരിക്കക്കാരല്ലാത്ത ആളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം ടീം യൂറോപ്പിലാണ് പരിശീലനം നടത്തിയിരുന്നതെന്നും അതിനാല്‍ ഈ നിരോധനം അവര്‍ക്ക് ബാധകമാകാന്‍ സാധ്യതയില്ലെന്നുമാണ് ഉദ്യോഗസ്ഥന്‍ അവകാശപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ അവര്‍ സ്വന്തം രാജ്യത്ത് ഉണ്ടായിരുന്നുവെങ്കില്‍, പൂര്‍ണ്ണമായ നിരോധനത്തിന് പകരം കര്‍ശനമായ പരിശോധനകള്‍ക്ക് അവര്‍ വിധേയരാകേണ്ടി വരും.
ലോകകപ്പ് ടൂര്‍ണമെന്റില്‍ ഡി.ആര്‍. കോംഗോയുടെ ബേസ് ക്യാമ്പ് ഹൂസ്റ്റണിലായിരിക്കും. ജൂണ്‍ 17-ന് പോര്‍ച്ചുഗലിനെതിരെയുള്ള അവരുടെ ആദ്യ ഗ്രൂപ്പ് മത്സരവും ഹൂസ്റ്റണിലാണ് നടക്കുക. തുടര്‍ന്ന് ജൂണ്‍ 24-ന് കൊളംബിയയെ നേരിടാന്‍ അവര്‍ ഗ്വാഡലഹാരയിലേക്ക് പോകും. അതിനുശേഷം ജൂണ്‍ 28-ന് അറ്റ്ലാന്റയില്‍ ഉസ്ബെക്കിസ്ഥാനെതിരെ കളിക്കാന്‍ അവര്‍ വീണ്ടും യു.എസിലേക്ക് മടങ്ങിയെത്തും.






