
കൊൽക്കത്ത: നീണ്ട ഇരുപത്തിരണ്ട് വർഷത്തെ കണ്ണീരിനും കനൽവഴികൾക്കും കോർപ്പറേറ്റ് തലത്തിലെ പ്രതിസന്ധികൾക്കും ഒടുവിൽ കൊൽക്കത്തയുടെ തെരുവുകളിൽ വീണ്ടും ചുവപ്പും മഞ്ഞയും വസന്തം തീർത്തു. നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ അനവധി കിരീടങ്ങളുടെ നിരാശ മറികടന്ന്, ഈസ്റ്റ് ബംഗാൾ വീണ്ടും ഇന്ത്യൻ ഫുട്ബോളിന്റെ രാജാക്കന്മാരായി മാറിയിരിക്കുന്നു. നാടകീയത നിറഞ്ഞ സീസണിനൊടുവിൽ 2025-26 ലെ ഐഎസ്എൽ (ISL) കിരീടമാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത്.
സ്പാനിഷ് 'എൽ ക്ലാസിക്കോ' യെ അനുസ്മരിപ്പിക്കുന്ന മോഹൻബഗാൻ - ഈസ്റ്റ് ബംഗാൾ പോരാട്ടങ്ങൾ ബംഗാളിന്റെ മാത്രമല്ല, ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെയാകെ ഹരമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മോഹൻബഗാൻ ആരാധകർ മാത്രം അനുഭവിച്ചറിഞ്ഞ ആ വിജയലഹരി, ഇപ്പോൾ ചുവപ്പും മഞ്ഞയും നെഞ്ചിലേറ്റിയവർക്കും സ്വന്തമായിരിക്കുകയാണ്. കിഷോർ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ നടന്ന ആവേശം നിറഞ്ഞ അവസാന മത്സരത്തിൽ ഇന്റർ കാശിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് ഈസ്റ്റ് ബംഗാൾ കിരീടമുറപ്പിച്ചത്. ടീമിനായി യൂസഫ് എസ്സെജ്ജാരിയും മുഹമ്മദ് റാഷിദും ലക്ഷ്യം കണ്ടപ്പോൾ, ഇന്റർ കാശിയുടെ ആശ്വാസ ഗോൾ ആൽഫ്രഡ് പ്ലാനസിന്റെ വകയായിരുന്നു.
ഈ കിരീടനേട്ടത്തിന് പിന്നിൽ സ്പാനിഷ്-മൊറോക്കൻ സെന്റർ ഫോർവേഡ് യൂസഫ് എസ്സെജ്ജാരിയുടെ പ്രകടനം നിർണായകമായിരുന്നു. അരങ്ങേറ്റ സീസണിൽ തന്നെ 11 ഗോളുകൾ അടിച്ചുകൂട്ടിയ ഈ 22-കാരൻ ടീമിനെ ചാമ്പ്യന്മാരാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ലീഗിലെ 'ഗോൾഡൻ ബൂട്ട്' സ്വന്തമാക്കുകയും ചെയ്തു. മധ്യനിരയിൽ കളി മെനഞ്ഞ ബ്രസീലിയൻ താരം മിഗ്വൽ ഫിഗെയ്റയാണ് ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള 'ഗോൾഡൻ ബോൾ' നേടിയത്.
തന്ത്രജ്ഞനായ പരിശീലകൻ ഓസ്കാർ ബ്രൂസോണിന്റെ കീഴിൽ 13 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായാണ് ഈസ്റ്റ് ബംഗാൾ കിരീടത്തിലേക്ക് കുതിച്ചത്. ചിരവൈരികളായ മോഹൻ ബഗാനും ഇതേ പോയിന്റ് തന്നെയായിരുന്നെങ്കിലും, മികച്ച ഗോൾ വ്യത്യാസത്തിന്റെ കരുത്തിൽ ഈസ്റ്റ് ബംഗാൾ ചാമ്പ്യൻപട്ടം അലങ്കരിച്ചു. 2003-04 ൽ പ്രഗത്ഭ പരിശീലകൻ സുഭാഷ് ഭൗമിക്കിന്റെ കീഴിൽ ദേശീയലീഗ് കിരീടം നേടിയ ശേഷം, ഈസ്റ്റ് ബംഗാൾ സ്വന്തമാക്കുന്ന ആദ്യ ദേശീയ ലീഗ് കിരീടമാണിത്. 2004 ലാണ് അവർ അവസാനമായി ഒരു പ്രമുഖ ടൂർണമെന്റിൽ മുത്തമിട്ടത്.





