ന്യൂഡല്‍ഹി: 2026 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നതിനെ ചൊല്ലിയുള്ള അനിശ്‌ചിതത്വം തുടരുന്നു.
ടൂര്‍ണമെന്റ് തുടങ്ങാന്‍ ആഴ്‌ചകള്‍ മാത്രം ബാക്കിനില്‍ക്കെ, സംപ്രേഷണാവകാശം ഏറ്റെടുക്കാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് പൊതുപ്രക്ഷേപകരായ പ്രസാര്‍ ഭാരതി ഡല്‍ഹി ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചു. സംപ്രേഷണത്തിന് ഫിഫ ആവശ്യപ്പെടുന്ന ഉയര്‍ന്ന തുകയും യു.എസിലെ മത്സരസമയക്രമവും കാരണം പ്രമുഖ ചാനലുകള്‍ പിന്‍വാങ്ങിയതാണ് ഈ പ്രതിസന്ധിക്ക് വഴിവച്ചത്.
ലോകകപ്പിലെ പ്രധാന മത്സരങ്ങള്‍ ദൂരദര്‍ശനിലൂടെയും ഡിഡി സ്‌പോര്‍ട്‌സിലൂടെയും സൗജന്യമായി കാണിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് പ്രസാര്‍ ഭാരതി ഈ നിലപാട് വ്യക്‌തമാക്കിയത്. എന്നാല്‍, ഹര്‍ജിക്കാരനായ അഡ്വക്കേറ്റ് അവധേഷ് ബൈര്‍വ പിന്നീട് ഈ ഹര്‍ജി പിന്‍വലിക്കുകയും മറ്റൊരു കോടതിയെ സമീപിക്കാന്‍ അനുമതി തേടുകയും ചെയ്‌തു. 2026, 2030 ലോകകപ്പുകളുടെ സംപ്രേഷണത്തിനായി ഫിഫ ആദ്യം ഏകദേശം 100 ദശലക്ഷം ഡോളറാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, പിന്നീട് ഇത് 35 ദശലക്ഷം ഡോളറാക്കി കുറച്ചു. ജിയോ സ്‌റ്റാര്‍ സമര്‍പ്പിച്ച 20 ദശലക്ഷം ഡോളറിന്റെ ലേലത്തുക ഫിഫ നിരസിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
മത്സരങ്ങള്‍ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നടക്കുന്നതിനാല്‍ ഇന്ത്യയില്‍ അവ അര്‍ധരാത്രിയിലോ അതിരാവിലെയോ ആയിരിക്കും സംപ്രേഷണം ചെയ്യുക. ഇത്രയും വലിയ തുക മുടക്കി അവകാശം വാങ്ങിയാല്‍ ലാഭകരമാകുമോ എന്ന ആശങ്ക സംപ്രേഷകര്‍ക്കുണ്ട്.
എങ്കിലും ഇന്ത്യയിലെ വലിയ ഫുട്‌ബോള്‍ വിപണിയെ പൂര്‍ണമായും അവഗണിക്കാന്‍ ഫിഫയ്‌ക്കോ സംപ്രേഷകര്‍ക്കോ കഴിയില്ല. അതിനാല്‍ തന്നെ ടൂര്‍ണമെന്റിന് മുമ്പ് ഒരു ധാരണയിലെത്താന്‍ സാധ്യതയുണ്ടെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഫുട്‌ബോളിനു വലിയ സ്വീകാര്യതയുള്ള രാജ്യത്ത് മത്സരങ്ങള്‍ തത്സമയം കാണാന്‍ അവസരമില്ലാത്തത് കായികപ്രേമികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് വഴിവയ്‌ക്കും.





