
ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 97-ന് അടുത്തെത്തിയതോടെ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി യോഗങ്ങള്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, രൂപയുടെ തകര്‍ച്ച എത്രയും വേഗം തടയുക എന്നതാണ് ആര്‍ബിഐയുടെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്നും ഇതിനായി എന്ത് നടപടിയെടുക്കാനും ബാങ്ക് തയ്യാറാണെന്നുമാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുക എന്നതാണ് പരിഗണനയിലുള്ള പ്രധാന മാര്‍ഗങ്ങളിലൊന്ന്. നിലവില്‍ 5.25 ശതമാനമാണ് അടിസ്ഥാന പലിശ നിരക്ക് (റിപ്പോ നിരക്ക്). ജൂണ്‍ 3 മുതല്‍ 5 വരെയാണ് ആര്‍ബിഐയുടെ പണനയ സമിതിയുടെ അടുത്ത യോഗം നടക്കേണ്ടത്. എന്നാല്‍ 2022 മേയ് മാസത്തില്‍ ചെയ്തതുപോലെ, യോഗത്തിന് കാത്തുനില്‍ക്കാതെ അടിയന്തരമായി പലിശ നിരക്കില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. വിലക്കയറ്റം രൂക്ഷമാകുന്നതിനാല്‍ വരും മാസങ്ങളില്‍ പലിശ നിരക്ക് കൂട്ടുമെന്ന് സാമ്പത്തിക വിദഗ്ധരും മുന്‍കൂട്ടി കാണുന്നുണ്ട്.
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പലിശ നിരക്കുകളിലെ വ്യത്യാസം കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോഴുള്ളത്. കടമെടുപ്പ് നിരക്കുകള്‍ ഉയര്‍ത്തിയാല്‍ അത് കൂടുതല്‍ വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കും.






