
ക്രിക്കറ്റ് മൈതാനികളില്‍ നിന്ന് സിനിമാഡയലോഗുകളേക്കാള്‍ വെല്ലുന്ന സംഭാഷണങ്ങളും പ്രതികരണങ്ങളും വരുമ്പോള്‍ സോഷ്യല്‍ മീഡിയ അത് ആഘോഷമാക്കി മാറ്റാറുണ്ട്. കൂടുതല്‍ റണ്ണെടുക്കുമ്പോഴും വിക്കറ്റുകള്‍ തെറിപ്പിക്കുമ്പോഴും കിടിലന്‍ ഫീല്‍ഡിംഗ് ചെയ്യുമ്പോഴുമൊക്കെ അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ ഇക്കഴിഞ്ഞ ദിവസം സിൽഹെറ്റ് ടെസ്റ്റ് മത്സരത്തിനിടെ നടന്ന സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ബംഗ്ലാദേശും പാകിസ്ഥാനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിനിടെയാണ് തീവ്രമായ നാടകീയ നിമിഷങ്ങൾ അരങ്ങേറിയത്. 437 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ നാലാം ദിനം വൈകുന്നേരമാണ് സംഭവം നടന്നത്.
കടുത്ത പോരാട്ടത്തിനൊടുവിൽ റിസ്‌വാൻ അർധസെഞ്ചുറി തികച്ചിരുന്നു. അതിനു തൊട്ടുപിന്നാലെ, സൈറ്റ് സ്‌ക്രീനിന് സമീപം ആരോ നടക്കുന്നുണ്ടെന്ന് കാണിച്ച് റിസ്‌വാന്‍ ബാറ്റിംഗ് സ്റ്റാൻസിൽ നിന്നും മാറിനിന്നു. വെളിച്ചക്കുറവ് ബാധിക്കുന്ന സമയത്ത് കളി മനഃപൂർവ്വം വൈകിപ്പിക്കാനുള്ള തന്ത്രമാണിതെന്ന് മനസിലാക്കിയ ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ലിറ്റൺ ദാസ് ദേഷ്യത്തോടെ റിസ്‌വാന്റെ അടുത്തേക്ക് നടന്നുചെന്നു.
അപ്പോഴാണ് വൈറല്‍ സംഭാഷണത്തിന് തുടക്കമായത്. സ്റ്റമ്പ് മൈക്രോഫോണിലൂടെ ഇരുവരുടെയും സംഭാഷണം എല്ലാവരും വ്യക്തമായി കേട്ടു.
ലിറ്റൺ ദാസ്: ഇതെന്താണ് ഈ കാണിക്കുന്നത്?, നിങ്ങൾക്ക് ഇവിടെ ബാറ്റ് ചെയ്യാൻ കഴിയുന്നില്ലേ? നിങ്ങൾ തുടർച്ചയായി ബൗളറെ തടസ്സപ്പെടുത്തുകയാണ്.
റിസ്‌വാൻ: അതാ നോക്കൂ (ബൗണ്ടറിയിലേക്ക് ചൂണ്ടി), അവൻ അവിടെ ഒരാള്‍ നിൽക്കുന്നത് കണ്ടില്ലേ?
ലിറ്റൺ ദാസ്: അങ്ങോട്ട് നോക്കാതെ ഇവിടെ ബാറ്റ് ചെയ്യാൻ നോക്കൂ. 50 അടിച്ചപ്പോള്‍ അഭിനയം തുടങ്ങിക്കോളും!
ലിറ്റൺ ദാസ് ‘അഭിനയം’ എന്ന് പറഞ്ഞപ്പോള്‍ ബംഗ്ലാദേശ് സ്ലിപ്പ് ഫീൽഡർമാർ അത് ഏറ്റുപിടിച്ചു. ചുറ്റുമുള്ള ബംഗ്ലാദേശ് ഫീൽഡർമാർ റിസ്വാന്റെ നാടകീയ പ്രതികരണങ്ങളെ കൂട്ടത്തോടെ ട്രോളിയ നിമിഷമായി അത് മാറി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബോളിവുഡ് കോമഡി ചിത്രമായ ‘ഹേരാ ഫേരി’യിലെ ഐക്കോണിക് ഡയലോഗുകൾ എടുത്താണ് താരങ്ങളുടെ ട്രോൾ മഴ തുടങ്ങിയത്.
‘ഈ ഓവറാക്ടിങ്ങിന് ഇവന്റെ പ്രതിഫലത്തിൽ നിന്ന് 50 പൈസ കുറയ്ക്കണം...’ എന്നാണ് ഒരു ഫീൽഡർ വിളിച്ചുപറഞ്ഞത്. തൊട്ടുപിന്നാലെ അടുത്തയാളുടെ വക കമന്റ് എത്തി. ‘നല്ല രീതിയിൽ അഭിനയിക്കുന്നുണ്ട്, ബാക്കിയുള്ളവരെക്കൂടി പഠിപ്പിക്കാൻ നോക്കുകയാണ്....’
റിസ്‌വാന്റെ ഈ ‘ഡ്രാമാറ്റിക്’ പ്രകടനം കണ്ട് അംപയർമാരും ചിരിയടക്കാൻ പാടുപെട്ടു. ഇതിനിടെ രാഷ്ട്രീയവും സിനമയും കലർന്ന ബംഗ്ലാദേശ് താരങ്ങളുടെ അടുത്ത ‘ബോംബ്’ എത്തി.
ബംഗ്ലാദേശ് താരം: ഇവൻ നേരെ ബോളിവുഡിലേക്ക് പോകുമല്ലോ ഭായ്...
ഷോർട്ട് ലെഗിൽ നിന്ന ഫീൽഡർ: ഏയ് ഇല്ല, അവിടെ ഇവർക്ക് ഇപ്പോൾ ചാൻസ് കിട്ടില്ല ഭായ്...
ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ പാകിസ്ഥാൻ കലാകാരന്മാർക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കിനെ ഓർമ്മിപ്പിക്കുന്നതായിരുന്നു ബംഗ്ലാദേശ് താരത്തിന്റെ കമന്റ്. ഇത് കേട്ട കമന്റേറ്റർമാരും ചിരി അടക്കിപ്പിടിച്ചു. എന്തായാലും ഈ സ്ലെഡ്ജിങ് ഒന്നും റിസ്‌വാന്റെ ഏകാഗ്രതയെ ബാധിച്ചില്ല. അഞ്ചാം ദിനം രാവിലെയും റിസ്‌വാന്‍ ഒറ്റയാൾ പോരാട്ടം തുടർന്നു. എന്നാൽ 94 റൺസിൽ നിൽക്കെ ഷൊറീഫുൽ ഇസ്ലാമിന്റെ പന്തിൽ റിസ്‌വാൻ പുറത്തായി. തൊട്ടുപിന്നാലെ റണ്ണൊന്നും എടുക്കാതെ പാകിസ്ഥാന്റെ അവസാന 3 വിക്കറ്റുകളും വീണു.
Bangladeshi players vs Muhammad Rizwan pic.twitter.com/YAYhdraWQq
— Usman (@jamilmusman_) May 19, 2026
Brutal 😭🤣
Bangladeshi players sledge Rizwan saying
"Thoda run bana Liya ab acting karega"
"Bollywood mai jagah nahi milega"
"Overacting ke 50 rupay cut" pic.twitter.com/MraKTx60VS— cricmawa (@cricmawa) May 19, 2026






