മുംബൈ: സ്വന്തം നാട്ടില്‍ നടന്ന ടെസ്‌റ്റ് പരമ്പരയില്‍ ബംഗ്ലദേശ് പാകിസ്‌താനെ 20ന് തോല്‍പിച്ചതിനു പിന്നാലെ ലോക ടെസ്‌റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയ്‌ക്കു തിരിച്ചടി. പോയിന്റ് പട്ടികയില്‍ നിലവില്‍ ആറാം സ്‌ഥാനത്തേക്കാണ് ഇന്ത്യ വീണത്.
ബംഗ്ലദേശ് നേട്ടമുണ്ടാക്കിയതോടെ ഇന്ത്യ പിന്നിലേക്കു പോകുകയായിരുന്നു. ഒന്‍പതു മത്സരങ്ങളില്‍നിന്ന് 52 പോയിന്റുള്ള ഇന്ത്യയുടെ പോയിന്റ് ശതമാനം 48.15 ആണ്. പോയിന്റ് ശതമാനം 87.50 ഉള്ള ഓസ്‌ട്രേലിയയാണ് പട്ടികയില്‍ ഒന്നാം സ്‌ഥാനത്ത്. ന്യൂസീലന്‍ഡും ദക്ഷിണാഫ്രിക്കയുമാണ് രണ്ടും മൂന്നും സ്‌ഥാനങ്ങളില്‍. പോയിന്റ് പട്ടികയില്‍ ഇന്ത്യയ്‌ക്കും മുകളിലാണ് ബംഗ്ലദേശിന്റെ സ്‌ഥാനം. അഞ്ചാമതുള്ള ബംഗ്ലദേശ് നാലു മത്സരങ്ങള്‍ കളിച്ചപ്പോള്‍ രണ്ടു വിജയങ്ങളും ഒരു തോല്‍വിയും സമനിലയുമാണു സ്വന്തമാക്കിയത്. 28 പോയിന്റുള്ള ബംഗ്ലദേശിന്റെ പോയിന്റ് ശതമാനം 58.33 ആണ്.
ഒന്‍പതു മത്സരങ്ങളില്‍ നാല് വിജയങ്ങള്‍ ഇന്ത്യ നേടിയപ്പോള്‍ അത്ര തന്നെ തോല്‍വികളും വഴങ്ങി. ഒരു സമനിലയും ടീം സ്വന്തമാക്കി. ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കയ്‌ക്കുമെതിരായ പരമ്പരകളിലെ മോശം പ്രകടനമാണ് പോയിന്റ് ടേബിളില്‍ ഇന്ത്യയ്‌ക്കു തിരിച്ചടിയായത്. തുടര്‍ച്ചയായ രണ്ടാം പരമ്പരയിലാണ് ബംഗ്ലദേശ്, പാക്കിസ്‌താനെതിരെ വൈറ്റ് വാഷ് വിജയം നേടുന്നത്.
രണ്ടാം ടെസ്‌റ്റില്‍ 78 റണ്‍സിനു തോല്‍പിച്ചതോടെയാണ് ബംഗ്ലദേശ് വൈറ്റ് വാഷ് വിജയം സ്വന്തമാക്കിയത്. ബംഗ്ലദേശ് സ്വന്തം മണ്ണില്‍ പാക്കിസ്‌താനെതിരേ സ്വന്തമാക്കുന്ന ഏറ്റവും വലിയ വിജയമാണിത്. രണ്ടാം ഇന്നിങ്‌സില്‍ 437 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്‌താന്‍ 358ന് ഓള്‍ഔട്ടാകുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ പാക്കിസ്‌താനു വേണ്ടി മുഹമ്മദ് റിസ്‌വാന്‍ (166 പന്തില്‍ 94), ക്യാപ്‌റ്റന്‍ ഷാന്‍ മസൂദ് (116 പന്തില്‍ 71), സല്‍മാന്‍ ആഗ (102 പന്തില്‍ 71) എന്നിവര്‍ അര്‍ധ സെഞ്ചറികളുമായി തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. രണ്ടാം ഇന്നിങ്‌സില്‍ 34.2 ഓവറില്‍ 120 റണ്‍സ് വഴങ്ങി ആറു വിക്കറ്റുകള്‍ വീഴ്‌ത്തിയ ബംഗ്ലദേശ് സ്‌പിന്നര്‍ തൈജുല്‍ ഇസ്‌ലാമാണ് പാക്കിസ്‌താനെ പ്രതീക്ഷകളെ തകര്‍ത്തെറിഞ്ഞത്.
മൂന്നു വിക്കറ്റുകള്‍ മാത്രം കൈയിലിരിക്കെ ജയിക്കാന്‍ 121 റണ്‍സ് കൂടി അഞ്ചാം ദിനം പാക്കിസ്‌താനു വേണമായിരുന്നു. എന്നാല്‍ സാജിദ് ഖാന്‍ (28), മുഹമ്മദ് റിസ്‌വാന്‍, ഖുറം ഷഹ്‌സാദ് എന്നിവരെയും പുറത്താക്കി ഒരു മണിക്കൂറില്‍ ബംഗ്ലദേശ് കളി തീര്‍ത്തു. ബംഗ്ലദേശിന്റെ ചരിത്രത്തില്‍ ആദ്യമായാണ് തുടര്‍ച്ചയായി നാലു ടെസ്‌റ്റ് മത്സരങ്ങള്‍ അവര്‍ വിജയിക്കുന്നത്. കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡിനെയും ബംഗ്ലദേശ് 20ന് കീഴടക്കിയിരുന്നു. ബംഗ്ലദേശിന്റെ രണ്ടാം ഇന്നിങ്‌സില്‍ മുഷ്‌ഫിഖര്‍ റഹീം സെഞ്ചറി നേടിയിരുന്നു. 233 പന്തുകളില്‍നിന്ന് ഒരു സിക്‌സും 12 ഫോറുകളും ബൗണ്ടറി കടത്തിയ മുഷ്‌ഫിഖര്‍ 137 റണ്‍സാണ് അടിച്ചത്. ഓപ്പണര്‍ മഹ്‌മുദുല്‍ ഹസന്‍ ജോയ് (64 പന്തില്‍ 52), ലിറ്റന്‍ ദാസ് (92 പന്തില്‍ 69) എന്നിവര്‍ അര്‍ധ സെഞ്ചറികള്‍ കൂടി നേടിയതോടെ ബംഗ്ലദേശിന് മികച്ചൊരു വിജയലക്ഷ്യം പാക്കിസ്‌താനു മുന്നില്‍ വയ്‌ക്കാന്‍ സാധിച്ചു. 390 റണ്‍സാണ് ബംഗ്ലദേശ് രണ്ടാം ഇന്നിങ്‌സില്‍ സ്വന്തമാക്കിയത്.
മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലദേശ് 46 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ആദ്യം ബാറ്റു ചെയ്‌ത ബംഗ്ലദേശ് 278 റണ്‍സടിച്ചപ്പോള്‍, പാക്കിസ്‌താന്റെ മറുപടി 232 ല്‍ അവസാനിച്ചു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലദേശ് 104 റണ്‍സിനു വിജയിച്ചിരുന്നു.






