
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്. ഭരണപക്ഷത്തു നിന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് സ്ഥാനാര്‍ഥി. എ.സി. മൊയ്തീന് ഇടതു മുന്നണി സ്ഥാനാര്‍ഥി. ഇതാദ്യമായി ബി.ജെ.പിയും സ്പീക്കര്‍ സ്ഥാനത്തെക്കു മത്സരിക്കുന്നുണ്ട്. ചാത്തന്നൂരില്‍ നിന്നും വിജയിച്ച ബി.ബി. ഗോപകുമാര്‍ ആണ് ബി.ജെ.പി. സ്ഥാനാര്‍ഥി.
ഗോപകുമാറിന്റെ പേര് ബി.ജെ.പിയുടെ മറ്റ് രണ്ട് ജനപ്രതിനിധികളായ രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും ചേര്‍ന്ന് സഭയില്‍ നിര്‍ദേശിക്കും. ഭരണപക്ഷത്തിന് സഭയില്‍ വന്‍ ഭൂരിപക്ഷമുള്ളതിനാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വിജയം ഉറപ്പാണെന്നിരിക്കെ തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനാണ് മറ്റ് മുന്നണികള്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നത്.
ഇന്ന് രാവിലെ ഒമ്പത് മണിക്ക് രഹസ്യബാലറ്റിലൂടെയാവും വോട്ടെടുപ്പ്. പ്രോടേം സ്പീക്കര്‍ ജി സുധാകരന്റെ അധ്യക്ഷതയിലാണ് വോട്ടെടുപ്പ് നടക്കുക. വലിയ അംഗബലമുള്ളതിനാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ ശേഷം സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ഇരിപ്പിടത്തിലേക്ക് ആനയിക്കും.
സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷം പിരിയുന്ന സഭ മെയ് 29ന് വീണ്ടും ചേരും. 29നാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്നില്ല. ജൂണ്‍ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്.
2016ല്‍ എന്‍ഡിഎയ്ക്ക് നിയമസഭയില്‍ പ്രാതിനിധ്യമുണ്ടായിരുന്നപ്പോള്‍ ഏക അംഗമായിരുന്ന ഒ രാജഗോപാലിന്റെ വോട്ട് ഇടതുപക്ഷത്തിന്റെ പി. ശ്രീരാമകൃഷ്ണനാണെന്ന് അഭ്യൂഹം പരന്നിരുന്നു. ശ്രീരാമനെ പ്രശംസിച്ചുകൊണ്ട് നിയമസഭയില്‍ ഒ രാജഗോപാല്‍ പ്രസംഗിച്ചിരുന്നു.






