
ന്യൂയോര്‍ക്ക് നഗരത്തില്‍ ഉണ്ടായ ശക്തമായ പേമാരിയും മിന്നല്‍ പ്രളയവും ജനജീവിതം പൂര്‍ണ്ണമായി സ്തംഭിപ്പിച്ചിരിക്കുകയാണ്. പ്രധാന റോഡുകളെല്ലാം പുഴകളായി മാറിയതോടെ വാഹനങ്ങള്‍ വെള്ളത്തിനടിയിലാവുകയും നഗരത്തിലെ ഗതാഗത സംവിധാനം പൂര്‍ണ്ണമായും തകിടം മറിയുകയും ചെയ്തു. ക്വീന്‍സ്, ബ്രൂക്ലിന്‍ എന്നീ പ്രദേശങ്ങളെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചത്. ഇവിടെ പലയിടങ്ങളിലും വെറും ഒരു മണിക്കൂറിനുള്ളില്‍ 5 സെന്റീമീറ്ററോളം മഴയാണ് രേഖപ്പെടുത്തിയത്. അപ്രതീക്ഷിതമായി ഉയര്‍ന്ന വെള്ളപ്പാച്ചിലില്‍ പെട്ടുപോയ പല െ്രെഡവര്‍മാരും രക്ഷാപ്രവര്‍ത്തകരെ കാത്ത് സ്വന്തം വാഹനങ്ങളുടെ മുകളില്‍ അഭയം തേടേണ്ടി വന്നു.
കനത്ത മഴ പൊതുഗതാഗത സംവിധാനത്തെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. വെള്ളം കയറിയതിനെത്തുടര്‍ന്ന് 'എഫ്' , 'ജെ' സബ്വേ ലൈനുകളിലെ സര്‍വീസുകള്‍ അധികൃതര്‍ക്ക് താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നു. പ്രധാന റോഡുകളും അടിപ്പാതകളും അടച്ചതോടെ ആയിരക്കണക്കിന് യാത്രാക്കാരാണ് വഴിയില്‍ കുടുങ്ങിയത്. മുട്ടറ്റം വെള്ളമുള്ള റോഡിലൂടെ ബസ്സില്‍ നിന്നും ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ, പ്രളയത്തിന്റെ തീവ്രത വ്യക്തമാക്കുന്ന നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ന്യൂയോര്‍ക്ക് എമര്‍ജന്‍സി മാനേജ്മെന്റ് വിഭാഗം അടിയന്തര നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഈ പ്രളയക്കെടുതികള്‍ക്കിടയിലും, കഴിഞ്ഞ ദിവസം മാന്‍ഹട്ടനിലുണ്ടായ ദൗര്‍ഭാഗ്യകരമായ ഒരു അപകടത്തിന്റെ ഞെട്ടലിലാണ് നഗരവാസികള്‍. മിഡ്ടൗണ്‍ മാന്‍ഹട്ടനിലെ ഫിഫ്ത് അവന്യൂവില്‍ തുറന്നുകിടന്ന, ആവി പറക്കുന്ന 10 അടി താഴ്ചയുള്ള ഒരു മാന്‍ഹോളില്‍ അബദ്ധത്തില്‍ വീണ് ഡോണിക ഗോകാജ് (56) എന്ന സ്ത്രീ മരണപ്പെട്ടിരുന്നു. ഒരു വലിയ ട്രക്ക് കയറിയതിനെത്തുടര്‍ന്ന് മാന്‍ഹോള്‍ മൂടി സ്ഥാനത്തുനിന്ന് മാറിപ്പോയതാണ് ഈ ദുരന്തത്തിന് കാരണമായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍, നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷയെക്കുറിച്ച് ശക്തമായ ചോദ്യങ്ങള്‍ ഉയരുന്നതിനിടയിലാണ് പുതിയ പ്രളയക്കെടുതിയും ന്യൂയോര്‍ക്കിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
Woman got washed away in the NYC flood. 😭💔 pic.twitter.com/KFWwASKwYW
— Rain Drops Media (@Raindropsmedia1) May 21, 2026






