
ബെംഗളൂരു നഗരത്തില്‍ വ്യാഴാഴ്ച പെയ്ത ശക്തമായ മഴയെത്തുടര്‍ന്ന് വന്‍ നാശനഷ്ടവും കനത്ത ഗതാഗതക്കുരുക്കും രൂപപ്പെട്ടു. മജസ്റ്റിക്, എം.ജി റോഡ്, ഗാന്ധിനഗര്‍, ഉള്‍സൂര്‍, ഇന്ദിരാനഗര്‍, ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡ് തുടങ്ങിയ പ്രധാന മേഖലകളിലെല്ലാം റോഡുകള്‍ വെള്ളത്തിനടിയിലായതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിനിടയില്‍ ഇന്ദിരാനഗറില്‍ നിന്നുള്ള ഭീതിപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ എക്‌സില്‍ ചര്‍ച്ചയാകുന്നത്.
'മീഡിയല്‍' സ്ഥാപകനായ നികേത് രാജ് ദ്വിവേദി പങ്കുവെച്ച വീഡിയോയില്‍, ഇന്ദിരാനഗറിലെ ഒരു ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് തുടര്‍ച്ചയായി തീപ്പൊരികള്‍ ഉയരുന്നതും പിന്നീട് വലിയ ശബ്ദത്തോടെ വൈദ്യുത കമ്പികള്‍ പൊട്ടിത്തെറിക്കുന്നതും വ്യക്തമാണ്. 'ഇന്ദിരാനഗറില്‍ കനത്ത മഴ, ഒപ്പം ഇലക്ട്രിക് കമ്പികളും പൊട്ടിത്തെറിക്കുന്നു' എന്ന കുറിപ്പോടെയാണ് അദ്ദേഹം ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. നഗരത്തിലെ കനത്ത മഴയ്ക്കിടയില്‍ ജനങ്ങളെ ഏറെ പരിഭ്രാന്തിയിലാഴ്ത്തിയ ഒന്നായിരുന്നു ഈ സംഭവം.
വീഡിയോ വൈറലായതോടെ നഗരത്തിലെ തുറന്നുകിടക്കുന്ന വൈദ്യുത കമ്പികളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉന്നയിച്ച് നിരവധി പേര്‍ രംഗത്തെത്തി. മഴക്കാലത്ത് ഇത്തരത്തിലുള്ള വയറിംഗ് രീതികള്‍ വലിയ അപകടമുണ്ടാക്കുമെന്നും, ശരിയായ ഇന്‍സുലേഷന്‍ ട്യൂബുകള്‍ക്ക് പകരം സാധാരണ ടേപ്പുകള്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് ഇവ പെട്ടെന്ന് ഉണങ്ങിപ്പൊട്ടി കമ്പികള്‍ പുറത്തുവരുന്നതെന്നും ഭൂരിഭാഗം ആളുകളും കമന്റുകളിലൂടെ ചൂണ്ടിക്കാണിക്കുന്നു. ഉദ്യോഗസ്ഥര്‍ എത്രയും വേഗം ഇതിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.






