
പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന പുതിയ ചിത്രമാണ് ഡ്രാഗണ്‍. ലൂഗര്‍ എന്ന കൊലയാളിയായിട്ടാണ് ജൂനിര്‍ എന്‍ടിആര്‍ എത്തുന്നത്. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ ഈ പുതിയ ലുക്ക് കണ്ട് ആവേശത്തിലാണ് ആരാധകര്‍.
കഥാപാത്രത്തിനായി വമ്പന്‍ മേക്കോവറാണ് താരം നടത്തിയത്. ഇതിനെക്കുറിച്ച് സംവിധായകന്‍ പ്രശാന്ത് നീല്‍ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
നാല് മാസത്തിനുളളില്‍ ഏകദേശം 15 കിലോഗ്രാം ഭാരം ജൂനിയര്‍ എന്‍ടിആര്‍ കുറിച്ചതായി വെളിപ്പെടുത്തുകയാണ് പ്രശാന്ത് നീല്‍. സിനിമയുടെ ചര്‍ച്ച തുടങ്ങിയ സമയത്ത് ജൂനിയര്‍ എന്‍ടിആറിന്റെ ലുക്കില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തിയാല്‍ നന്നായിരിക്കും എന്ന് സംവിധായകന്‍ നിര്‍ശേദിച്ചിരുന്നു. കൊലയാളിയുടെ വേഷം ചെയ്യുന്നതിനാല്‍ കുറച്ചുകൂടി മെലിഞ്ഞിരുന്നാല്‍ നന്നാകുമെന്ന് തോന്നിയിരുന്നു. ഇത് പറഞ്ഞയുടന്‍ അദ്ദേഹം ശരീരമാറ്റത്തിനായി തീവ്രപരിശ്രമം നടത്തിയെന്നും പ്രശാന്ത് പറയുന്നു.
ഒരു ഘട്ടത്തില്‍ 15 കിലോയോളം ഭാരം കുറച്ചിരുന്നു. ആ സമയത്ത് അദ്ദേഹം വളരെ ക്ഷീണിതനും വിളറിയും കാണപ്പെട്ടു. ഇതോടെ ഞാന്‍ ഡയറ്റ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അദ്ദേഹം നിര്‍ത്തിയില്ല. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും എന്നോട് ദേഷ്യമായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അദ്ദേഹത്തെ അറിയാവുന്നവര്‍ക്ക് എല്ലാവര്‍ക്കും എന്നോട് ദേഷ്യമായിരുന്നു. ഭാരം അല്‍പം കുറയ്ക്കാന്‍ മാത്രമാണ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്. പക്ഷേ അത് അദ്ദേഹം വളരെ ഗൗരവമവയി എടുത്തു.
ശാരീരിക മാറ്റത്തിനായി നാലുമാസത്തോളം എടുത്തു. ആ സമയത്ത് ഷൂട്ടിങ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. വിദഗ്ധരുടെയും ട്രെയിനറുടെയും മേല്‍നോട്ടത്തിലാണ് അദ്ദേഹം ട്രെയിനിങ് എടുത്തത്. ഏഴ് ആഴ്ച കൊണ്ട് 9.5 കിലോയോളം ഭാരം കുറച്ചിരുന്നു. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലം സിനിമയിലുണ്ട്. അതില്‍ ഞങ്ങള്‍ എല്ലാവരും ഏറെ സന്തുഷ്ടരാണ്. പ്രശാന്ത് നീല്‍ പറഞ്ഞു.
2027 ജൂണിലാണ് 'ഡ്രാഗണ്‍' റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നത്. ജൂനിയര്‍ എന്‍ടിആറിനൊപ്പം അനില്‍ കപൂര്‍, അശുതോഷ് റാണ, രുക്മിണി വസന്ത്, ബിജു മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.






