
ന്യൂഡൽഹി: 'കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജീത് ദിപ്കെയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി പരാതി. ബാക്കപ്പ് പേജ് മെറ്റ നീക്കം ചെയ്തതായും വെളിപ്പെടുത്തൽ.
ഇന്ത്യയിലെ ജെൻ സീ യുവാക്കളുടെ തള്ളിക്കയറ്റം മൂലം പ്രശസ്തമായ മാധ്യമ കൂട്ടായ്മ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ സ്ഥാപകൻ അഭിജീത് ദിപ്കെയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വെള്ളിയാഴ്ച മുതൽ പ്രവർത്തനരഹിതമായി. അക്കൗണ്ടിലേക്കുള്ള പ്രവേശനം നഷ്ടപ്പെട്ടതായും അത് ഹാക്ക് ചെയ്യപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി. ഇതിനുപുറമേ, കോക്രോച്ച് ജനതാ പാർട്ടിയുടെ ബാക്കപ്പ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് മെറ്റ പ്ലാറ്റ്‌ഫോമിൽ നിന്നും നീക്കം ചെയ്തതായും അഭിജീത് വെളിപ്പെടുത്തുന്നു.
മെയ് 15-ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ചില പരാമർശങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ഈ ഡിജിറ്റൽ കൂട്ടായ്മ രൂപം കൊണ്ടത്. സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായ ഈ മൂവ്‌മെന്റിന് രാഷ്ട്രീയക്കാർ, സാമൂഹിക പ്രവർത്തകർ, കലാകാരന്മാർ എന്നിവർക്ക് പുറമേ വലിയൊരു വിഭാഗം യുവാക്കളുടെയും പിന്തുണ ലഭിച്ചിരുന്നു.
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്കുള്ള ആക്‌സസ് പൂർണ്ണമായും നഷ്ടപ്പെട്ടതായി വെള്ളിയാഴ്ച എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ അഭിജീത് വ്യക്തമാക്കി. "എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഇത് തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണെങ്കിലും സാധിക്കുന്നില്ല," എന്ന് അദ്ദേഹം മെറ്റയെ ടാഗ് ചെയ്തുകൊണ്ട് കുറിച്ചു. അക്കൗണ്ട് പൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഭീഷണി സന്ദേശങ്ങളെ നേരിടുന്ന അവസരത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നത്.






