
കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്കില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭര്‍ത്താവ് രിജിന്‍ലാലും മരണത്തിന് കീഴടങ്ങി. അപകടം നടന്ന സമയത്തുതന്നെ രിജിന്റെ ഗര്‍ഭിണിയായ ഭാര്യ സോന സംഭവസ്ഥലത്തുവെച്ച് മരിച്ചിരുന്നു.
തുടക്കം മുതൽക്കേ ഏറെ ദുരൂഹതകളും സംശയങ്ങളും നിറഞ്ഞതായിരുന്നു ഈ അപകടം. എന്നാൽ കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന പെട്രോളിൽ നിന്നാണ് തീപടർന്നതെന്ന നിർണായക വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ച സോന തന്നെയാണ് സംഭവത്തിന് തൊട്ടുമുമ്പ് പെട്രോൾ പമ്പിൽ നിന്നു കാനിൽ പെട്രോൾ വാങ്ങിയതെന്ന് പൊലീസ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ്. പേരാമ്പ്ര കോഴിക്കോട് റോഡിലെ യത്തീംഖാനയ്ക്ക് സമീപമുള്ള പമ്പിൽ നിന്നു പെട്രോൾ വാങ്ങി മടങ്ങുന്ന സ്ത്രീ സോന തന്നെയെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. യാത്രയ്ക്കിടയിൽ കാറിനുള്ളിൽ പെട്രോളിന്റെ മണം അനുഭവപ്പെട്ടെന്നും, പെട്ടെന്ന് വലിയ ശബ്ദത്തോടെ തീ ആളിപ്പടരുകയുമായിരുന്നു എന്നുമാണ് മരണത്തിന് മുൻപ് രജിൻലാൽ പൊലീസിന് നൽകിയ മൊഴി.
സംഭവം നടന്ന ദിവസം വൈകിട്ട് ഏഴരയോടെ സോന പെട്രോൾ പമ്പിൽ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. സോന ഒറ്റയ്ക്ക് നടന്നുപോയി വെളുത്ത കാനിൽ പെട്രോൾ വാങ്ങി ബാഗിൽ വെക്കുന്നതും പണം നൽകി മടങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കാറിന് തീപിടിക്കുന്നതിന് തൊട്ടുമുമ്പ് ഈ പെട്രോൾ കാനിനുള്ളിൽ സൂക്ഷിച്ചിരുന്നതാകാം അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.
അമ്മയുടെ സഹോദരിയുടെ മകൾക്കൊപ്പം ടൗണിൽ പോയപ്പോഴാണോ അതോ ഭർത്താവിനൊപ്പം പോയപ്പോഴാണോ സോന പെട്രോൾ വാങ്ങിയത് എന്നതിൽ നേരത്തെ സംശയമുണ്ടായിരുന്നു. രജിൻ ആവശ്യപ്പെട്ടിട്ടാണോ പെട്രോൾ വാങ്ങിയതെന്നും പൊലീസ് സംശയിച്ചു. എന്നാൽ സഹോദരിക്കൊപ്പം പോകുന്നതിനിടെ സോന പാതിവഴിയിൽ വെച്ച് ഒറ്റയ്ക്കാണ് പമ്പിലേക്ക് പോയത് എന്നതിനാൽ, രജിന്റെ നിർദ്ദേശപ്രകാരമല്ല പെട്രോൾ വാങ്ങിയതെന്നാണ് പൊലീസ് കരുതുന്നത്.
വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ കക്കറമുക്ക് ജംക്‌ഷന് സമീപത്തുവെച്ചാണ് കാറിന് തീപിടിക്കുന്നത്. വാഹനം ഓടിച്ചിരുന്ന രജിൻ ലാൽ തൊട്ടടുത്ത തോട്ടിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിൻസീറ്റിലായിരുന്ന സോനയ്ക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ കുടുംബം ആരോപിച്ചതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. കാറിന്റെ എൻജിൻ ഭാഗത്തിന് കേടുപാടുകൾ ഇല്ലാതിരുന്നതും ഉൾവശം മാത്രം പൂർണ്ണമായി കത്തിയതുമാണ് പെട്രോൾ പോലുള്ള ഇന്ധനം കാരണമാണ് തീപിടിച്ചതെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്.
ഇരുവരുടെയും വിവാഹജീവിതത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സോനയുടെ ബന്ധുക്കൾ ആരോപിക്കുന്നു. പ്ലസ്ടു പഠനകാലം മുതലുള്ള പ്രണയത്തിനൊടുവിൽ രജിൻ മറ്റൊരു വിവാഹത്തിന് ശ്രമിച്ചത് സോനയെ മാനസികമായി തളർത്തിയിരുന്നു. അന്ന് വടകര റെയിൽവേ സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച സോനയെ റെയിൽവേ പൊലീസാണ് രക്ഷപ്പെടുത്തിയത്. രജിൻ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ സോന നിയമപരമായി ഇടപെടുകയും, അതിനുശേഷമാണ് രജിൻ സോനയെ വിവാഹം കഴിക്കാൻ തയ്യാറായതുമാണ്. വിവാഹശേഷവും പ്രശ്നങ്ങൾ തുടർന്നു. രജിൻ ഗൾഫിലേക്ക് പോയ സമയത്ത് സോനയ്ക്ക് ഭർതൃവീട്ടിൽ കടുത്ത മാനസികവിഷമങ്ങളും പട്ടിണിയും സഹിക്കേണ്ടി വന്നിരുന്നതായി സോനയുടെ അമ്മ വസന്ത വെളിപ്പെടുത്തിയിരുന്നു.






