
തിരുവനന്തപുരം∙ ചീഫ് ഇലക്ട്രൽ ഓഫീസറായ രത്തൻ യു. കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യതയെയും വിശ്വാസ്യതയെയും പൂർണ്ണമായി ബാധിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് . തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ തന്നെ ഉപകാരസ്മരണയെന്നോണം ഇത്തരം ഒരു നിയമനം നടത്തുന്നത് കേരളത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് അനുകൂലമായി കമ്മീഷൻ ദുരൂഹവും പക്ഷപാതപരവുമായ നിലപാടുകളാണ് സ്വീകരിച്ചതെന്ന എൽഡിഎഫിന്റെ ആക്ഷേപങ്ങൾ ശരിവെക്കുന്നതാണ് ഈ പുതിയ നീക്കമെന്നും പാർട്ടി വ്യക്തമാക്കി.
മുൻപ് രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തുകളിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക മുദ്രയ്ക്ക് പകരം ബിജെപിയുടെ സീൽ പതിപ്പിച്ചത് വലിയ വിവാദമായിരുന്നു. ബംഗാളിൽ ഇത്തരത്തിലുള്ള നിയമനങ്ങൾ നടന്ന സമയത്ത് നാണംകെട്ട ഒത്തുകളിയെന്നാണ് എഐസിസി അതിനെ വിശേഷിപ്പിച്ചത്. അങ്ങനെയെങ്കിൽ കേരളത്തിൽ ഇപ്പോൾ നടന്നിരിക്കുന്നത് കോൺഗ്രസും ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള പരസ്യമായ ഒത്തുകളിയല്ലേ എന്ന് രാഹുൽ ഗാന്ധിയും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയും വ്യക്തമാക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
എസ്‌ഐആറിന്റെ മറവിൽ ലക്ഷക്കണക്കിന് വോട്ടുകളാണ് കേരളത്തിലെ വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടത്. യഥാർത്ഥ വോട്ടർമാരെ പുറത്താക്കുകയും അർഹതയില്ലാത്തവരെ നിലനിർത്തുകയും ചെയ്ത കമ്മീഷന്റെ നടപടിക്കെതിരെ ഇടതുപക്ഷം അന്ന് തന്നെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ നിശ്ചയിച്ചിരുന്ന തീയതിക്ക് ഒരാഴ്ച മുൻപ് തന്നെ, ആരോടും പറയാതെ ആ പ്രക്രിയ കമ്മീഷൻ അവസാനിപ്പിക്കുകയും ചെയ്തു. യുഡിഎഫ് വോട്ടുകൾ കൃത്യമായി ചേർത്തു എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പട്ടിക തിടുക്കത്തിൽ അന്തിമമാക്കിയതെന്ന സംശയം ഇതോടെ ശക്തമാവുകയാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.






