
ന്യൂഡൽഹി:പാകിസ്താന്റെ അശാന്തമായ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്താനിൽ സൈനികരുമായി പോയ ട്രെയിൻ ലക്ഷ്യമിട്ട് റെയിൽവേ ട്രാക്കിന് സമീപമുണ്ടായ ശക്തമായ ബോംബ് സ്ഫോടനത്തിൽ കുറഞ്ഞത് 24 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
റിപ്പോർട്ടുകൾ പ്രകാരം, ട്രെയിൻ ക്വറ്റയിലെ ചമൻ പട്ടക്കിൽ സിഗ്നൽ കടന്നുപോകുന്നതിനിടെ സ്ഫോടകവസ്തുക്കൾ നിറച്ച കാർ ഒരു കോച്ചിലിടിക്കുകയായിരുന്നു. ഇതേത്തുടർന്ന് വൻ സ്ഫോടനമാണ് ഉണ്ടായത്. പെഷവാറിലേക്ക് പോകുകയായിരുന്ന നിരവധി സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണ് ഇരയായവരിൽ ഭൂരിഭാഗവും. ചൊവ്വാഴ്ച ആരംഭിക്കുന്ന പെരുന്നാൾ (ഈദ്) ആഘോഷിക്കാനായി യാത്ര ചെയ്യുകയായിരുന്നു ഇവരെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ ട്രെയിനിന്റെ രണ്ട് കോച്ചുകൾ മറിയുകയും തീപിടിക്കുകയും ചെയ്തു. പട്ടാളക്കാർ കാവൽ നിൽക്കുന്നതിനിടെ, ചോരയിൽ കുളിച്ച ഇരകളെ സ്ട്രെച്ചറുകളിൽ പാളം തെറ്റിയ കോച്ചിൽ നിന്ന് ആളുകൾ ചുമന്നുകൊണ്ടുപോകുന്നത് കാണാമായിരുന്നു.
റെയിൽവേ ട്രാക്കിൽ നിന്ന് 25 മുതൽ 30 മീറ്റർ വരെ അകലെ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകൾ പൂർണ്ണമായും കത്തിയമർന്നു. അവയ്ക്ക് തൊട്ടടുത്തുള്ള ഒരു ബഹുനില കെട്ടിടത്തിന്റെ ജനലുകൾ തകരുകയും ചുവരുകൾ തകരുകയും ചെയ്തുകൊണ്ട് വലിയ തോതിൽ ഘടനാപരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തു. അക്രമബാധിത പ്രദേശമായ ബലൂചിസ്താൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ക്വറ്റ.
ഇറാനും അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ബലൂചിസ്താൻ, കൂടുതൽ സ്വയംഭരണാവകാശവും പ്രകൃതിവിഭവങ്ങളിൽ വലിയൊരു പങ്കും ആവശ്യപ്പെട്ട് വംശീയ ബലൂച് വിഘടനവാദികൾ നയിക്കുന്ന പതിറ്റാണ്ടുകൾ നീണ്ട കലാപങ്ങളെയാണ് നേരിടുന്നത്. കലാത് എന്ന നാട്ടുരാജ്യം പാകിസ്താനുമായി ലയിച്ചതിന് തൊട്ടുപിന്നാലെയാണ് പാകിസ്താൻ ഭരണകൂടത്തിനെതിരെയുള്ള ബലൂച് പ്രതിരോധം ആരംഭിച്ചത്. ഇതിനെത്തുടർന്ന് നിരവധി കലാപങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.






