
ന്യൂഡൽഹി: പണ്ടൊക്കെ നാട്ടിൻപുറത്തെ വീടുകളിൽ നിന്ന് കടയിൽ പോകുന്നത് ആ വീട്ടിലെ കുട്ടികളുടെ ജോലിയിൽ ഉൾപ്പെടുന്ന കാര്യമായിരുന്നു. കടയിൽ നിന്ന് ലഭിക്കുന്ന ബാക്കി ചില്ലറ അല്ലെങ്കിൽ ഒരു മിഠായി എന്നിങ്ങനെ അതിനുള്ള പ്രതിഫലവും അന്ന് ലഭിക്കുമായിരുന്നു. എന്നാൽ, ഇന്ന് കാലം മാറി. രാജ്യ തലസ്ഥാനത്ത് നിങ്ങൾക്ക് കടയിൽ പോകണമെങ്കിൽ അതിന് ഷോപ്പിംഗ് അസിസ്റ്റന്റിന്റെ സഹായം തേടാം!
ഡൽഹിയിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി 149 രൂപയ്ക്ക് ഷോപ്പിംഗ് സഹായം വാഗ്ദാനം ചെയ്യുന്നു. ഡൽഹിയിലെ തിരക്കേറിയ മാർക്കറ്റുകളിൽ ഇനി ക്യൂ നിൽക്കേണ്ടയോ ബാഗുകൾ ചുമക്കുകയോ വേണ്ട. നിങ്ങളുടെ ഷോപ്പിംഗ് അനുഭവം ഒട്ടും സമ്മർദ്ദമില്ലാത്തതാക്കാൻ നിങ്ങൾക്ക് ഒരു സഹായിയെ വാടകയ്ക്ക് എടുക്കാം. മണിക്കൂറിന് 149 രൂപ നിരക്കിൽ ഒരു ഷോപ്പിംഗ് സഹായിയെ വാടകയ്ക്ക് എടുക്കാവുന്നതാണ്.
ഷോപ്പിംഗ് എന്നത് ഒരു തെറാപ്പി പോലെയാണ്, പ്രത്യേകിച്ചും ഡൽഹിയിലെ മാർക്കറ്റുകളിലെ തെരുവുകളിലൂടെ നടന്ന്, സ്ട്രീറ്റ് ഫുഡും ആസ്വദിച്ച് ഒരു ദിവസം മുഴുവൻ ചിലവഴിക്കാൻ നിങ്ങൾ പ്ലാൻ ചെയ്യുമ്പോൾ. ലജ്പത് നഗർ, സരോജിനി, ചാന്ദ്നി ചൗക്ക് എന്നിവിടങ്ങളിലെ തിരക്കേറിയതും ഇടുങ്ങിയതുമായ തെരുവുകളിലൂടെയുള്ള ഈ യാത്രയിൽ ഭൂരിഭാഗം ആളുകളും നേരിടുന്ന ഏക തടസ്സം തങ്ങളുടെ ബാഗുകൾ ചുമക്കുക എന്നതാണ്.
നിങ്ങൾക്ക് രണ്ട് കൈകൾ മാത്രമാണുള്ളത്, അതിൽ ഷോപ്പിംഗ് ബാഗുകൾ, കാർഡുകളും പണവുമുള്ള പേഴ്സ്, മൊബൈൽ ഫോൺ എന്നിവയെല്ലാം പിടിക്കേണ്ടതുണ്ട്. തുടക്കത്തിൽ നിങ്ങൾക്ക് എല്ലാം കൈകാര്യം ചെയ്യാൻ കഴിഞ്ഞേക്കുമെങ്കിലും, ഒരു ഘട്ടം കഴിഞ്ഞാൽ, ബാഗുകളുമായി നിങ്ങൾക്ക് സ്വതന്ത്രമായി നീങ്ങാനോ സാധനങ്ങൾ കൃത്യമായി നോക്കി വാങ്ങാനോ അല്ലെങ്കിൽ പരക്കംപായാതെ പണമിടപാടുകൾ നടത്താനോ കഴിയില്ല.
പ്രായമായ അമ്മമാർക്കൊപ്പം വരുന്ന മക്കളെയോ, അല്ലെങ്കിൽ തങ്ങളുടെ പ്രധാനപ്പെട്ട സാധനങ്ങളും മൊബൈൽ ഫോണും സുരക്ഷിതമായി സൂക്ഷിക്കാൻ ഒരു സ്ലിംഗ് ബാഗ് തോളിലിട്ട് വലിയ ബാഗുകൾ ചുമക്കുന്ന സ്ത്രീകളെയോ പലപ്പോഴും ഇത്തരം മാർക്കറ്റുകളിൽ കാണാം. എന്നാൽ ഷോപ്പിംഗിൽ നിങ്ങളെ സഹായിക്കാൻ ഒരാളെ വാടകയ്ക്ക് എടുക്കാൻ കഴിഞ്ഞാലോ? ബാഗുകളുമായി തപ്പിത്തടയാതെ കൂടുതൽ എളുപ്പത്തിൽ ഷോപ്പിംഗ് നടത്താൻ ഇത് നിങ്ങളെ തീർച്ചയായും സഹായിക്കും. ഇവിടെയാണ് ഡൽഹി ആസ്ഥാനമായുള്ള ’ക്യാരിമെൻ' എന്ന സ്റ്റാർട്ടപ്പിന്റെ പ്രസക്തി. തലസ്ഥാനത്തുടനീളം വെറും 149 രൂപയ്ക്ക് അവർ ഷോപ്പിംഗ് സഹായം വാഗ്ദാനം ചെയ്യുന്നു. അവരുടെ ടാഗ്ലൈൻ എന്താണെന്നല്ലേ? "നിങ്ങൾ ഷോപ്പ് ചെയ്യൂ, ഞങ്ങൾ ചുമക്കാം"
ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, ബാഗുകൾ ചുമക്കാനും, തിരക്കേറിയ മാർക്കറ്റുകളിലൂടെ സുഗമമായി നീങ്ങാനും, സമ്മർദ്ദമില്ലാത്ത ഒരു അനുഭവം ആസ്വദിക്കാനും നിങ്ങളെ സഹായിക്കുന്നതിന് പരിശീലനം ലഭിച്ച പ്രൊഫഷണൽ സഹായികളെ ക്യാരിമെൻ നൽകുന്നു. ഈ സഹായി നിങ്ങളുടെ ബാഗുകൾ ചുമക്കുക മാത്രമല്ല, മാർക്കറ്റുകളിലൂടെ നിങ്ങളെ നയിക്കുകയും, പാർക്കിംഗ് ഏരിയയോ അടുത്തുള്ള മെട്രോ സ്റ്റേഷനോ വരെ നിങ്ങളെ പിന്തുടരുകയും ചെയ്യും. കൂടാതെ ഭക്ഷണത്തിനും പലഹാരങ്ങൾക്കുമായുള്ള നീണ്ട ക്യൂ ഒഴിവാക്കാനും അവർ നിങ്ങളെ സഹായിക്കും.
ഇതിനുപുറമെ, ഉപഭോക്താക്കൾക്ക് അധിക നിരക്കിൽ ബേബി കാരിയർ, ബേബി പ്രാം, എൻ95 മാസ്ക്, യാത്രാവേളയിലെ മൊബൈൽ ചാർജിംഗ് സൗകര്യം, കുട, മടക്കാവുന്ന സീറ്റ് തുടങ്ങിയ അധിക സേവനങ്ങളും തിരഞ്ഞെടുക്കാവുന്നതാണ്.






