
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നിയുക്ത നേമം എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍. സത്യപ്രതിജ്ഞാ ചടങ്ങില്‍ നേരിട്ട് പങ്കെടുത്ത വിവരവും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.
കേരളത്തിലെ ജനങ്ങള്‍ ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത പുതിയ സര്‍ക്കാരിന്റെ ജനവിധിയെ മാനിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വി.ഡി. സതീശന്റെ ക്ഷണപ്രകാരമാണ് താന്‍ ചടങ്ങില്‍ പങ്കെടുത്തതെന്ന് വ്യക്തമാക്കിയ അദ്ദേഹം, പുതിയ സര്‍ക്കാരിന് ആശംസകള്‍ നേരുന്നതോടൊപ്പം അഴിമതിയോടും പ്രീണനത്തോടും വികസനവിരുദ്ധ രാഷ്ട്രീയത്തോടും ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത, ഉത്തരവാദിത്തമുള്ളൊരു പ്രതിപക്ഷമായി ബിജെപി പ്രവര്‍ത്തിക്കുമെന്നും ഉറപ്പുനല്‍കി.
യുഡിഎഫിന്റെ ചരിത്രത്തില്‍ ആദ്യമായി മുഴുവന്‍ മന്ത്രിസഭയും ഒരുമിച്ച് അധികാരമേല്‍ക്കുന്ന അപൂര്‍വ്വമായ കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. മന്ത്രിസഭയിലെ രണ്ടാമനായ പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ 20 മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മൂന്നരക്കോടി മലയാളികളുടെ പ്രതിനിധികളായി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ അണിനിരന്ന ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തിയാണ് വടശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന വി.ഡി. സതീശന്‍ അധികാരമേറ്റെടുത്തത്.
ദേശീയസംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് പ്രൗഢമായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളുടെ നീണ്ടനിരയെ വേദിയിലിരുത്തിയാണ് പുതിയ യുഡിഎഫ് മന്ത്രിസഭ ഔദ്യോഗികമായി ഭരണചുമതലയേറ്റത്.






