
തിരുവനന്തപുരം: രത്തൻ കേൽക്കറെ സെക്രട്ടറിയായി നിയമിച്ചതിൽ വിവാദത്തിനു കാര്യമെന്തെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. യുഡിഎഫിന് 102 സീറ്റ് വാങ്ങിത്തന്നത് കേൽക്കറാണോ എന്ന് ചോദിച്ച മുഖ്യമന്ത്രി, നിയമനം സ്വാഭാവിക നടപടി മാത്രമാണെന്ന് വ്യക്തമാക്കി.
ബംഗാളിലെ സാഹചര്യമല്ല കേരളത്തിലുള്ളത്. ഇവിടെ വോട്ടവകാശം ഇല്ലാതാക്കിയെന്ന് ആരും പരാതിപ്പെട്ടിട്ടില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചീഫ് ഇലക്ടറൽ ഓഫീസർ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുകയാണോ ചെയ്യുന്നത്. ചീഫ് ഇലക്ടറൽ ഓഫീസറായിരുന്ന നളിനി നെറ്റോ പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലിചെയ്തിട്ടുണ്ട് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേൽക്കറിന് നല്ല ട്രാക്ക് റിക്കോഡ് ആണ് ഉള്ളത്. അതിനാലാണ് തന്റെ ഓഫീസിൽ നിയമിച്ചത്. മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പിണറായി വിജയനൊപ്പവും കേൽക്കർ പ്രവർത്തിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ബംഗാളിൽ ചീഫ് ഇലക്ഷൻ ഓഫീസറെ മുഖ്യമന്ത്രിയുടെ പ്രധാന ചുമതലയിൽ നിയമിച്ചതിൽ രാഹുൽ ഗാന്ധി ഉൾപ്പടെ എതിർത്തത് ചൂണ്ടിക്കാട്ടിയാണ് കേരളത്തിൽ പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ താൽപര്യങ്ങൾക്ക് വഴങ്ങി കൊടുക്കുന്ന സംവിധാനമായി തിരഞ്ഞെടുപ്പ് കമ്മീഷൻ മാറിയെന്നും അതിനുള്ള പ്രത്യുപകാരങ്ങൾ സ്വീകരിക്കുന്നു എന്നുമായിരുന്നു സിപിഐഎം വിമർശനം.






