
തിരുവനന്തപുരം: മുനമ്പത്തെ ഒരു ഇഞ്ച് ഭൂമി പോലും വിട്ടുനൽകാൻ അനുവദിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ എംഎൽഎ. കോൺഗ്രസ്-യു.ഡി.എഫ് സഖ്യം അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെ, കേരള വഖഫ് ബോർഡ് മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ തിടുക്കം കൂട്ടി. തങ്ങളുടെ യജമാനന്മാർ ആരാണെന്ന് അവർക്ക് കൃത്യമായി അറിയാം എന്നും രാജീവ് ചന്ദ്രശേഖർ തന്റെ എക്സ് പോസ്റ്റിലൂടെ പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയും റിമോട്ട് കൺട്രോളിലൂടെ നിയന്ത്രിക്കുന്ന ദുർബലമായ കോൺഗ്രസിന് എല്ലാ മലയാളിപൗരന്മാർക്കും വേണ്ടി പോരാടാൻ കഴിയില്ല, അവർ അതിന് മുതിരുകയുമില്ല. എന്നാൽ, ബി.ജെ.പി മുന്നണി മുനമ്പത്തെ ഒരു ഇഞ്ച് ഭൂമി പോലും വിട്ടുനൽകാൻ അനുവദിക്കില്ല എന്ന ഉറപ്പ് നൽകുന്നു. നരേന്ദ്ര മോദി സർക്കാരിന്റെയും, കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെയും എം.പിമാരുടെയും, എം.എൽ.എമാരുടെയും ഒപ്പം 30 ലക്ഷം മലയാളി വോട്ടർമാരുടെയും അടിയുറച്ച പിന്തുണ ഇതിനുണ്ട്.
മുനമ്പത്തേത് വെറുമൊരു ഭൂമിത്തർക്കം മാത്രമല്ല. എല്ലാ മലയാളികൾക്കുമൊപ്പം യഥാർത്ഥത്തിൽ നിൽക്കുന്നത് ആരാണെന്ന് തെളിയിക്കാനുള്ള ഒരു പരീക്ഷണം കൂടിയാണിത്. തങ്ങളുടെ യഥാർത്ഥ മിത്രങ്ങൾ ആരാണെന്ന് മുനമ്പത്തെ ജനങ്ങൾക്ക് നന്നായി അറിയാം എന്നും രാജീവ് ചന്ദ്രശേഖർ തന്റെ പോസ്റ്റിലൂടെ പറയുന്നു.






