
തിരുവനന്തപുരം: കേരള സര്‍വകലാശാലാ യൂണിയന് തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തലസ്ഥാനത്തെ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് സെക്രട്ടേറിയേറ്റിലേക്ക് എസ്എഫ്ഐ മാര്‍ച്ച്. ഇന്നലെ രാത്രി എസ്.എഫ്.ഐ - കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ വന്‍ സംഘര്‍ഷം ഉണ്ടായിരുന്നു. എസ്.എഫ്.ഐ സംസ്ഥാനപ്രസിഡന്റ്് ശിവപ്രസാദും ജില്ലാഭാരവാഹികളും ഉള്‍പ്പെടെ 11 പേര്‍ക്കെതിരേ കേസെടുത്തു.
സംഘര്‍ഷം ഉണ്ടാക്കി, അനധികൃതമായി കൂട്ടം ചേര്‍ന്നു, പൊതുമുതല്‍ നശിപ്പിച്ചു, പോലീസിനെ കയ്യേറ്റം ചെയ്യാന്‍ശ്രമിച്ചു തുടങ്ങിയ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും കണ്ടാല്‍ അറിയാവുന്നവര്‍ക്ക് എതിരേയാണ് കേസ്. ഇതില്‍ കണ്ടാല്‍ അറിയുന്നവരെ പിന്നീട് പ്രതി ചേര്‍ക്കുമെന്നുമാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം എസ്എഫ്ഐ ആണ് സംഘര്‍ഷം തുടങ്ങിവെച്ചതെന്നാണ് പോലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിജയാഘോഷത്തിനിടയില്‍ കുടി നിന്ന കെ.എസ്. യു. പ്രവര്‍ത്തകര്‍ക്കെതിരേ കല്ലേറ് നടത്തിയെന്നാണ് ആക്ഷേപം. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ മണ്ണന്തല എസ്.ഐ. യ്ക്ക് പരിക്കേറ്റതായും കയ്യുടെ അസ്ഥിക്ക് പൊട്ടലേറ്റതായും പോലീസ് പറയുന്നു. അതേസമയം സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട കെ.എസ്.യു. പ്രവര്‍ത്തകരെ പോലീസ് പ്രതിചേര്ത്തില്ലെന്നാണ് എസ്.എഫ്.ഐ യുടെ ആക്ഷേപം.
യൂണിയന് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന് പിന്നാലെ എസ്.എഫ്.ഐ നടത്തിയ ആഹ്ലാദ പ്രകടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ആഹ്ലാദ പ്രകടനത്തിന് നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നും പൊലീസ് വാഹനം ആക്രമിച്ചെന്നും എസ്.എഫ്.ഐ ആരോപിക്കുന്നു. ഇരുവിഭാഗവും തമ്മില്‍ കല്ലേറുണ്ടായതോടെ രംഗം ശാന്തമാക്കാന്‍ പൊലീസ് ലാത്തിവീശുകയും കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്തു. എന്നാല്‍, പൊലീസ് നടപടിയുണ്ടായിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല.
സംഘര്‍ഷത്തിനിടെ പ്രദേശത്തുണ്ടായിരുന്ന കോണ്‍ഗ്രസ് അനുകൂല ഫ്ലെക്സ് ബോര്‍ഡുകള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചു. സി.പി.ഐ.എം നേതാക്കളായ എം.വി. ജയരാജനും എ.എ. റഹീമും നേരിട്ടെത്തിയാണ് ഒടുവില്‍ പ്രവര്‍ത്തകരെ സ്ഥലത്തുനിന്ന് മാറ്റിയത്. സംഘര്‍ഷത്തില്‍ പൊലീസിന്റേത് ഏകപക്ഷീയമായ നിലപാടായിരുന്നുവെന്ന് എ.എ. റഹീം കുറ്റപ്പെടുത്തി. കെ.എസ്.യു പ്രവര്‍ത്തകരുടെ അക്രമത്തിന് പൊലീസ് ഒത്താശ ചെയ്തതായും അദ്ദേഹം ആരോപിച്ചു.
അതേസമയം, സംഘര്‍ഷത്തില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് സന്ദര്‍ശിച്ചു. തുടര്‍ച്ചയായി രണ്ടുതവണ ജലപീരങ്കി ഉപയോഗിക്കേണ്ടി വന്ന പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. മണ്ണന്തല സ്റ്റേഷന് സി.ഐയുടെ കൈയ്ക്ക് ഒടിവ് സംഭവിച്ചു. കൊല്ലപ്പെട്ട ക്യാമ്പസ് നേതാവ് ധീരജിന്റെ ചിത്രം ഉയര്‍ത്തിപ്പിടിച്ചായിരുന്നു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇത്തവണ വിജയഘോഷം നടത്തിയത്.






