
പാലക്കാട് : ദളിത് യുവതി ബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസില്‍ പാലക്കാട്ടെ മുനിസിപ്പല്‍ കൗണ്‍സിലറായ പ്രശോഭ് വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി. ഇതോടെ പ്രശോഭിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് ആരംഭിച്ചു. നേരത്തേ മണ്ണാര്‍ക്കാട്ടെ എസ് സി/എസ്ടി കോടതിയും പ്രശോഭിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ജോലി വാഗ്ദാനം നല്കി താമസസ്ഥലത്തും ജോലി സ്ഥലത്തും പീഡനത്തിന് ഇരയാക്കിയെന്നും കാറില്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും ഗര്‍ഭഛിദ്രം നടത്തിയെന്നും ആരോപിച്ചിട്ടുണ്ട്. കേസില്‍ രണ്ടുമാസമായി പ്രശോഭ് ഒളിവില്‍ പോയിരിക്കുകയാണ്. പാലക്കാട് സൗത്ത് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി സിംഗിള്ബഞ്ചാണ് ഇയാള്‍ക്ക് ജാമ്യം നിഷേധിച്ചത്. ബലാത്സംഗം, കയ്യേറ്റം, പട്ടികജാതി പീഡന നിരോധന വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കേസ് നേരത്തേ മണ്ണാര്‍ക്കാട് കോടതി പരിഗണിച്ചപ്പോള്‍ അടച്ചിട്ട കോടതിമുറിക്കുള്ളില്‍ വെച്ച് യുവതി നല്കിയ രഹസ്യമൊഴി ഹൈക്കോടതിയും പരിഗണിക്കുകയായിരുന്നു. ജോലി നല്‍കാമെന്ന് പറഞ്ഞ് പരിചയപ്പെട്ട ശേഷം യുവതിയുടെ താമസസ്ഥലത്ത് അതിക്രമിച്ച് കടന്ന് ബലാത്സംഗം ചെയ്തെന്നും പിന്നീട് തന്റെ ഓഫീസില്‍ വെച്ചും പട്ടാമ്പിയില്‍ കൊണ്ടുപോകുമ്പോള്‍ കാറില്‍ െവച്ച് ലൈംഗികതിക്രമം നടത്തിയെന്നാണ് യുവതിയുടെ ആരോപണം. സംഭവം പുറത്തുവന്നതോടെ പ്രശോഭ് ഒളിവില്‍ പോകുകയായിരുന്നു.
നേരത്തേ യുവതി ലോക്കല്‍ പോലീസിനും പേലീസ് ജില്ലാമേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇതോടെയാണ് പ്രശോഭ് ഒളിവില്‍ പോയത്. ഇയാള്‍ തമിഴ്നാട്ടിലാണെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് തമിഴ്നാട്ടിലും തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഫോണ്‍ പോലും പാലക്കാട് ഉപേക്ഷിച്ചു പോയതിനാല്‍ ഇയാളെ ട്രേസ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. ഇവരെ സ്റ്റേഷനില്‍ വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു.
നേരത്തേ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പ്രശോഭിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെങ്കിലും കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ തന്നെയാണ് ഇയാള്‍ക്ക് ഒളിവില്‍ സഹായം നല്‍കുന്നതെന്ന് ആരോപണമുണ്ട്. പാലക്കാട്ടെ പ്രാദേശിക നേതാക്കള്‍ പ്രശോഭുമായി ബന്ധമില്ലെന്നാണ് പ്രതികരിക്കുന്നത്. നിയമസഭാ തെരെഞ്ഞടുപ്പിന്റെ പ്രചരണത്തിന് ഇടയിലായിരുന്നു ദളിത് യുവതി പരാതിയുമായി എത്തിയത്.






