
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കരിമണല്‍ കമ്പനിയായ സിഎംആര്‍എലിന് കേരള ഹൈക്കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്പനി നല്കിയ ഹര്‍ജി ഹൈക്കോടതി പൂര്‍ണ്ണമായും തള്ളി. ഇതോടെ കേസില്‍ കേന്ദ്ര ഏജന്‍സിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാം.
രാഷ്ട്രീയ പ്രേരിതമായ പരാതികളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ തങ്ങളുടെ ജീവനക്കാരെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് ബുദ്ധിമുട്ടിക്കുകയാണെന്നും സിഎംആര്‍എല്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കൂടാതെ, എസ്എഫ്ഐഒ ഉള്‍പ്പെടെയുള്ള മറ്റ് ഏജന്‍സികള്‍ വിശദമായ പരിശോധന നടത്തിയിട്ടും നിയമവിരുദ്ധമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കമ്പനി കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.
കോടതിയുടെ മുന്‍ ഉത്തരവിനെ തുടര്‍ന്ന് ഇ ഡി അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സ്റ്റേ നീങ്ങിയ സാഹചര്യത്തില്‍, മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള 'എക്സാലോജിക്' ഉള്‍പ്പെടെയുള്ള കമ്പനികളിലേക്ക് ഇഡിയുടെ അന്വേഷണം ഉടന്‍ വ്യാപിപ്പിക്കുമെന്നാണ് സൂചന. അന്വേഷണത്തിന് ഹൈക്കോടതി നേരത്തെ തടസ്സം നിന്നതിനാലാണ് വീണാ വിജയനെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാന്‍ ഇ ഡിക്ക് കഴിയാതിരുന്നത്.
വരും ദിവസങ്ങളില്‍ വീണയെ ചോദ്യം ചെയ്തേക്കുമെന്ന അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായിട്ടുണ്ട്. എക്സാലോജിക്കിന് പുറമേ, സിഎംആര്‍എല്‍ വന്‍തോതില്‍ പണം കൈമാറിയ മറ്റ് സ്ഥാപനങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും ഇ ഡി വിശദമായ അന്വേഷണം നടത്തും.






