
'കാട്ടാളൻ' സിനിമയിലെ നടൻ ജഗദീഷിന്റെ ലുക്ക് മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായി മാറിയിരുന്നു. അലി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ജഗദീഷ് എത്തിയത്. ചിത്രത്തിനായി താൻ വിഗ് വച്ചത് അല്ലെന്നും മുടി വളർത്തിയതാണെന്നും പറയുകയാണിപ്പോൾ ജഗദീഷ്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
"ടീസറും ട്രെയ്ലറുമൊക്കെ കണ്ടിട്ട് പലരും പറഞ്ഞു നല്ല വിഗ് ആണെന്ന്. വിഗ് ഒന്നുമല്ല, ഇതിനുവേണ്ടി, ഓരോ കാരക്ടർ ചെയ്യുമ്പോഴും ഇതൊന്നും വലിയ ത്യാഗമൊന്നുമല്ല. ആ കാരക്ടർ നന്നാക്കാൻ വേണ്ടി നമ്മൾ ചെയ്യേണ്ട ഉത്തരവാദിത്വമാണ്. എന്നാൽ പോലും ഞാൻ പ്രേക്ഷകരോട് പറയുകയാണ്.
ഇത്രയും വലിയൊരു പടത്തിനു വേണ്ടി ഒരുപാട് ദിവസം, പറഞ്ഞതിനേക്കാൾ കൂടുതൽ ഒരുപാട് ദിവസം നമുക്ക് ഈ പടത്തിനായി ഡേറ്റ് കൊടുക്കേണ്ടി വന്നു. പക്ഷേ അതിലൊന്നും എനിക്ക് പരിഭവമോ വിഷമമോ ഇല്ല. നല്ലൊരു ചിത്രത്തിന്റെ ഭാഗമാകുമ്പോൾ ഒന്ന് രണ്ട് ചിത്രങ്ങൾ മിസ് ആയാലും കുഴപ്പമില്ല.
ഈ മേക്കപ്പും ആയിട്ട് മറ്റ് ചിത്രങ്ങളിൽ പോയി അഭിനയിക്കാനും ബുദ്ധിമുട്ടായിരുന്നു. എന്റെ ലുക്കിൽ കാണുന്നത് ഒരു കാരണവശാലും വിഗ് അല്ല. ഞാൻ തന്നെ വളർത്തിയ എന്റെ മുടിയുടെ ഗെറ്റഅപ് ആണ്".- ജഗദീഷ് പറഞ്ഞു.
അതോടൊപ്പം തിന്മ കുറഞ്ഞവരുടെ കൂട്ടത്തിൽപ്പെടുത്താവുന്ന കഥാപാത്രമാണ് കാട്ടാളനിൽ തനിക്കെന്നും ജഗദീഷ് പറഞ്ഞു. ഇങ്ങനെയൊരു കഥാപാത്രം കിട്ടിയതിൽ താൻ വളരെ സന്തോഷവാനാണെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.
അതേസമയം ആന്റണി പെപ്പെ നായകനായെത്തുന്ന കാട്ടാളൻ മെയ് 28 നാണ് തിയറ്ററുകളിലെത്തുന്നത്. പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം ഷെരീഫ് മുഹമ്മദ് ആണ് നിർമിക്കുന്നത്. സുനിൽ, ദുഷാര വിജയൻ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.






