
കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാവിജയന് ഉള്‍പ്പെട്ട എസിഎംആര്എല് എക്സാലോജിക്ക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണയുടെ ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ വീട്ടിലും എക്സാലോജിക്കിന്റെ ബംഗലുരുവിലെ ഓഫീസിലും പരിശോധന നടക്കുന്നുണ്ട്. അതേസമയം പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ പരിശോധന താമസിക്കുകയാണ്.
പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ ഇപ്പോള്‍ ആരും താമസിക്കാത്ത സാഹചര്യത്തില്‍ വീട് തുറന്നിട്ടില്ല. ഇവിടെയെത്തിയ മൂന്നംഗ സംഘം വീട് തുറക്കാനായി ജോലിക്കാരെ വിളിച്ചിരിക്കുകയാണ്. വീട് ഉടന്‍ തുറന്ന് പരിശോധന നടത്തുമെന്നാണ് വിവരം. വീണാവിജയന്റെ ഭര്‍ത്താവ് മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. മുഹമ്മദ് റിയാസ് ഇവിടെയില്ല. തിരുവനന്തപുരത്തെ പിണറായി വിജയന് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലും അദ്ദേഹമില്ലെന്നാണ് വിവരം.
എക്സാലോജിക്കിന്റെ ബംഗലുരുവിലെ ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. അതേസമയം ഇപ്പോള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ല എന്നാണ് നേരത്തേ വീണാവിജയന് വ്യക്തമാക്കിയിരുന്നത്. ഇന്ന് രാവിലെ 6 മണി മുതല്‍ ഒരുപോലെ 12 ഇടങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധനയിലേക്ക് കടക്കുകയായിരുന്നു. വിവരങ്ങള്‍ ചോരാതിരിക്കാന്‍ പോലീസിനെ പോലും അറിയിക്കാതെയായിരുന്നു ഇ.ഡി. നീക്കം.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനിയും, കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന സ്ഥാപനവും തമ്മിലുള്ള വിവാദ സാമ്പത്തിക ഇടപാടുകളാണ് സിഎംആര്‍എല്‍ മാസപ്പടി കേസ് എന്നറിയപ്പെടുന്നത്. സേവനങ്ങളൊന്നും നല്‍കാതെ സിഎംആര്‍എല്ലില്‍ നിന്ന് വീണയുടെ കമ്പനി ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലാണ് ഈ കേസിന് ആധാരം.
2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ എക്സാലോജിക് സൊല്യൂഷന്‍സിന് സിഎംആര്‍എല്‍ 1.72 കോടി രൂപ നല്കി. വീണയ്ക്കും അവരുടെ കമ്പനിക്കും പുറമേ, രാഷ്ട്രീയ നേതാക്കള്‍, ട്രേഡ് യൂണിയന് നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും സിഎംആര്‍എല്‍ സര്‍വീസ് ഒന്നും നല്‍കാതെ മാസപ്പടി നല്‍കിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ആദായനികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ അനധികൃത പണമിടപാടുകള്‍ പുറത്തുവന്നത്.






