
കട്ടപ്പന: ഓട്ടത്തിന് പോകുന്നതിന് പകരം പാര്‍ക്ക് ചെയ്യുന്ന ജംഗ്ഷന്റെ മൂലയ്ക്കിട്ട് ഓട്ടോറിക്ഷയില്‍ വാറ്റുചാരായം വില്‍പ്പനയുമായി ഓട്ടോഡ്രൈവര്‍. ഇയാളില്‍ നിന്നും കഴിഞ്ഞദിവസം എക്സൈസ് പിടികൂടിയത് എട്ടുലിറ്റര്‍ വാറ്റുചാരായം ആയിരുന്നു. തുടര്‍ന്ന് കട്ടപ്പന വലിയപാറ ചേറ്റുങ്കല്‍ പാപ്പീസ് എന്നറിയപ്പെടുന്ന പ്രശാന്തിനെ (44) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ചാരായം രഹസ്യമായി സൂക്ഷിച്ചിരുന്ന ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തു. നഗരത്തില്‍ ഓട്ടോറിക്ഷ ഓടിച്ചിരുന്ന പ്രശാന്ത് വ്യാജ നമ്പര്‍ പതിച്ച ഓട്ടോറിക്, ടൗണിലെ ആളൊഴിഞ്ഞ മൂലകളില്‍ പാര്‍ക്ക് ചെയ്ത ശേഷം ഓട്ടോറിക്ഷയുടെ സൈഡ് പടുത ബാഗ് രൂപത്തിലാക്കി ഇതിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. സ്വന്തമായി ചാരായം നിര്‍മിച്ച് ലിറ്ററിന് 800 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നത്.
കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു വില്‍പ്പന. രണ്ടു മാസത്തിലധികമായി എക്സൈസ് പ്രതിയുടെ നീക്കങ്ങള്‍ തുടര്‍ച്ചയായ നിരീക്ഷിച്ചു വരികയായിരുന്നു. ഒടുവില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച വാറ്റുചാരായവുമായി പ്രതിയെ പിടിക്കാനായി. കട്ടപ്പന റേഞ്ച് എക്സൈസ് ഇന്‍സ്പെക്റ്റര്‍ എം.എഫ് അതുല്‍ലോനന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡുമാരായ ടി.എ. അനീഷ്, കെ.എസ്. മീരാന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സനല്‍ സാഗര്‍, റോണി ആന്റണി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.






