
കണ്ണൂര്‍: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും വൈകാതെ തന്നെ അറസ്റ്റിലാകുമെന്നും അവര്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്. കേസിന്റെ അന്വേഷണം ഒടുവില്‍ മുഖ്യമന്ത്രിയിലേക്ക് തന്നെ എത്തിച്ചേരുമെന്നും ഇ.ഡി. ഇനി ശക്തമായി മുമ്പോട്ട് പോകുമെന്നും പറഞ്ഞു.
എസ്എഫ്ഐഒ അന്വേഷിക്കുന്ന ഈ കേസില്‍ വീണ വിജയന് മൂന്നാം പ്രതിയാണെന്നും, അവരുമായി ബന്ധമുള്ളവരുടെ വിദേശ ബാങ്ക് അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. കേസില്‍ 1.32 കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ മറ്റ് ഇടപാടുകളും ഇതിന് പിന്നിലുണ്ട്. പിണറായി മാത്രമല്ല, മറ്റ് നിരവധി രാഷ്ട്രീയ നേതാക്കളും പണം കൈപ്പറ്റിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ വിവരങ്ങള്‍ അടങ്ങിയ പട്ടിക പുറത്തുവിടാന്‍ തടസ്സങ്ങള്‍ നില്‍ക്കുകയാണ്. ഈ പേരുകള്‍ പരസ്യപ്പെടുത്തിയാല്‍ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടും.
ഇത് രാജ്യസുരക്ഷയെക്കൂടി ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണ്. കേവലം ധാതുമണല്‍ കൊള്ള മാത്രമല്ല ഇവിടെ നടന്നിട്ടുള്ളത്, മറിച്ച് ആറ്റോമിക് മിനറല്‍സ് വരെ ഇവിടെ നിന്ന് കടത്തപ്പെട്ട മണലില്‍ അടങ്ങിയിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇനി ശക്തമായി മുന്നോട്ടുപോകാമെന്നും കൂട്ടിച്ചേര്‍ത്തു. താന്‍ ഉന്നയിച്ച ഈ ആരോപണങ്ങളില്‍ സത്യമില്ലെങ്കില്‍ എന്തുകൊണ്ടാണ് തനിക്കെതിരെ ഇതുവരെ ആരും പരാതി നല്‍കാത്തതെന്നും ഷോണ്‍ ജോര്‍ജ് ചോദിച്ചു. ഒരേസമയം 12 കേന്ദ്രങ്ങളില്‍ ഇ.ഡി പരിശോധന നടത്തിയത്.






