
ബംഗളൂരു: അടുത്ത മാസം മുതൽ നിങ്ങളുടെ ട്രെയിൻ യാത്രയ്ക്കുള്ള ചിലവ് വർദ്ധിക്കാൻ പോവുകയാണ്. എന്താ, റെയിൽവെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ പോവുകയാണോ എന്നായിരിക്കും നിങ്ങളുടെ ചോദ്യം. അതല്ല, യാത്രയ്ക്കിടയിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിക്കുന്നതാണ് ഇതിന് കാരണം. സെൻട്രൽ റെയിൽവെ ആണ് വില വർദ്ധനയ്ക്ക് തുടക്കമിടുന്നത്.
ഇറാൻ യുദ്ധത്തെ തുടർന്ന് രാജ്യത്ത് ക്രൂഡ് ഓയിൽ പ്രതിസന്ധിയുണ്ടായതും എണ്ണ, ഗ്യാസ് വിലകൾ ഉയർന്നതുമാണ് ഈ വിലക്കയറ്റത്തിന് പിന്നിൽ. സെൻട്രൽ റെയിൽവേ സ്റ്റേഷനുകളിലെ ചെറിയ സ്റ്റാറ്റിക് കാറ്ററിംഗ് യൂണിറ്റുകളിൽ (ഭക്ഷണ ശാലകളിൽ) വിൽക്കുന്ന ഭക്ഷണപാനീയങ്ങളുടെ വില ജൂൺ ഒന്ന് മുതൽ വർദ്ധിക്കുമെന്ന് ചീഫ് കൊമേഴ്സ്യൽ മാനേജരുടെ (ക്ലെയിംസ് & കാറ്ററിംഗ്) ഓഫീസ് മെയ് 25-ന് പുറപ്പെടുവിച്ച ഔദ്യോഗിക സർക്കുലറിൽ വ്യക്തമാക്കുന്നു.
മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക ഡിവിഷനുകൾ ഉൾപ്പെടെയുള്ള സെൻട്രൽ റെയിൽവേയുടെ പരിധിയിൽ വരുന്ന കാറ്ററിംഗ് യൂണിറ്റുകളിൽ പരിഷ്കരിച്ച മെനുവും നിരക്കുകളും ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സെൻട്രൽ റെയിൽവേ അറിയിച്ചു. പരിഷ്കരിച്ച നിരക്കുകൾ പ്രകാരം, 50 ഗ്രാം വരുന്ന ഒരു ബട്ടാറ്റ വടയ്ക്ക് (ഉരുളക്കിഴങ്ങ് വട) ഇനി മുതൽ 15 രൂപയാകും. വടയ്ക്കൊപ്പം നൽകുന്ന പാവിന് (pav) പ്രത്യേകമായി 5 രൂപ ഈടാക്കും. വെജ് സമോസ, വെജ് പഫ്, സാബുദാന വട തുടങ്ങിയ ജനപ്രിയ പലഹാരങ്ങൾക്ക് ഇനി മുതൽ ഒന്നിന് 20 രൂപ വീതമായിരിക്കും വില.
മഹാരാഷ്ട്രയിലെ റെയിൽവേ സ്റ്റേഷനുകളിൽ ആളുകൾ ഏറ്റവും കൂടുതൽ വാങ്ങുന്ന ഭക്ഷണങ്ങളിലൊന്നായ പാവ് ഭാജിയുടെ വില 50 രൂപയായി പുതുക്കി നിശ്ചയിച്ചു. പുതിയ നിരക്കനുസരിച്ച് വെജ് പിസ്സയും 50 രൂപയ്ക്കായിരിക്കും വിൽക്കുക. അതേസമയം, മസാല ദോശയ്ക്ക് 35 രൂപയും, സാമ്പാറും ചട്ണിയും കൂട്ടിയുള്ള രണ്ട് ഇഡ്ഡലിക്ക് 30 രൂപയും ആയിരിക്കും വില.
സമീപകാലത്തുണ്ടായ ഇന്ധനവില വർദ്ധന പാൽ, ബ്രെഡ് തുടങ്ങിയ അത്യാവശ്യ സാധനങ്ങളുടെ വില ഉയരുന്നതിന് കാരണമായി. പ്രമുഖ ഡയറി ബ്രാൻഡുകൾ പാലിന്റെ വില വർദ്ധിപ്പിച്ചു കഴിഞ്ഞു, ബ്രെഡ് കമ്പനികളും ഇതേ വഴിയിലാണ്. ഇത് ജനങ്ങളുടെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കുന്നുണ്ട്. ഈ മാറ്റങ്ങൾ കാരണം മൊത്തത്തിലുള്ള റീട്ടെയിൽ പണപ്പെരുപ്പം 0.42% വരെ ഉയരുമെന്നാണ് കണക്കാക്കുന്നത്, ഇത് വിവിധ മേഖലകളിലെ ഉപഭോക്താക്കളുടെ വാങ്ങൽ ശേഷിയെ ബാധിക്കും.






