
ന്യുഡൽഹി: ഡൽഹി - സാൻ ഫ്രാൻസിസ്കോ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂറിലധികം പറന്നതിന് ശേഷം ഡൽഹിയിൽ തിരിച്ചിറക്കി.
230 യാത്രക്കാരുമായി സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം, എട്ട് മണിക്കൂറിലധികം പറന്ന ശേഷം സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹിയിലേക്ക് തന്നെ തിരിച്ചുവന്നതായി എയർലൈൻ അറിയിച്ചു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും അധികൃതർ വ്യക്തമാക്കി.
മെയ് 27-ന് ഡൽഹിയിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട AI173 വിമാനം, നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഒരു സാങ്കേതിക പ്രശ്നം മൂലം ഡൽഹിയിലേക്ക് തന്നെ മടങ്ങിയെത്തിയിട്ടുണ്ട്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. എയർ ഇന്ത്യയുടെ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി വിമാനം വിശദമായ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കും എന്നും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.
മൂന്ന് മണിക്കൂറിലധികം പറന്ന് വിമാനം ചൈനീസ് വ്യോമാതിർത്തിയിൽ എത്തിയപ്പോഴാണ് ഡൽഹിയിലേക്ക് തിരിച്ചുവിട്ടതെന്നാണ് റിപ്പോർട്ട്.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ "ഏറ്റവും ഉയർന്ന മുൻഗണന" നൽകുന്നതെന്ന് എയർലൈൻ അടിവരയിട്ടു പറഞ്ഞു.
യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. അവരെ എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി ബദൽ ക്രമീകരണങ്ങൾ ചെയ്തുവരികയാണ്. അതേസമയം, ഞങ്ങളുടെ ഗ്രൗണ്ട് ടീം യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്. അവരുടെ താല്പര്യപ്രകാരം ലഘുഭക്ഷണങ്ങൾ, ഹോട്ടൽ താമസം അല്ലെങ്കിൽ ടിക്കറ്റ് പുതുക്കി നൽകൽ എന്നീ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നുണ്ട് എന്നും അധികൃതർ അറിയിച്ചു.
മെയ് 21-ന് ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ മറ്റൊരു എയർ ഇന്ത്യ വിമാനത്തിന്, ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് ശേഷം എഞ്ചിനിൽ തീപിടിത്തമുണ്ടായിരുന്നു. ബെംഗളൂരു-ഡൽഹി AI2802 വിമാനത്തിലാണ് ഈ സംഭവമുണ്ടായതെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. അന്ന് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് വിമാനം സുരക്ഷിതമായി ഡൽഹി വിമാനത്താവളത്തിൽ ഇറക്കിയിരുന്നു.






