
കോഴിക്കോട്: നീണ്ടനാളത്തെ കാത്തിരിപ്പിനും കണ്ണീരിനും ഒടുവില്‍ ഫറോക് സ്വദേശി അബ്ദുല്‍ റഹിം ജന്മനാട്ടില് കാലുകുത്തി. സൗദി ജയിലിലെ 20 വര്‍ഷത്തെ ദുരിതത്തിന് ശേഷം ഇന്ന് രാവിലെ 7.30 യോടെയാണ് അബ്ദുല്‍ ഹറീം നാട്ടിലെത്തിയത്. സൗദി ബാലന് മരിച്ച സംഭവത്തില്‍ സൗദിയില്‍ ജയിലിലായിരുന്ന റഹീം ജനകീയ ഇടപെടലിലൂടെ 34.35 കോടി രൂപയാണ് ദയാധനമായി നല്‍കിയാണ് ജയില്‍മോചിതനായത്.
പെരുനാള് സമ്മാനമായിട്ടാണ് അബ്ദുള്‍റഹീം നാട്ടിലെത്തിയത്. റഹീംനിയമസഹായ സമിതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ സ്വീകരണം നല്കി. രാവിലെ കരിപ്പൂരില്‍ വിമാനമിറങ്ങുകയായിരുന്നു. കഴിഞ്ഞ 19-ാം തിയ്യതിയാണ് പൊതു അവകാശ കേസില്‍ അബ്ദുറഹീമിന്റെ തടവ് ശിക്ഷാ കാലാവധി അവസാനിച്ചത്. ഇന്നലെയാണ് അബ്ദുല്‍ റഹിം ജയില്‍ മോചിതനായത്. സൗദിയില്‍ പൊതു അവധി ആയിരുന്നിട്ടും മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയായി. ജയില്‍ അധികൃതര്‍ തന്നെ നേരിട്ട് വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു. എമിഗ്രേഷന്‍ ഉള്‍പ്പടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയത് ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ്.
സ്വകാര്യ അവകാശ കേസില്‍ അബ്ദുറഹീമിന് കോടതി വിധിച്ചത് വധശിക്ഷയായിരുന്നു. 5 മില്യണ്‍ റിയാല്‍ മോചന ദ്രവ്യം വാങ്ങി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം അബ്ദുറഹീമിന് മാപ്പ് നല്കി. കോടതി വധശിക്ഷ റദ്ദാക്കുകയും ചെയ്തു. മോചന ദ്രവ്യം നല്‍കാനുള്ള പണം മലയാളികള്‍ ഒറ്റക്കെട്ടായി സ്വരൂപിക്കുകയായിരുന്നു. റഹീം മോചനസമിതി എന്ന പേരിലാണ് നാട്ടുകാര്‍ ഒത്തുകൂടിയത്.
റഹീമിന്റെ 20 വര്‍ഷത്തെ കഠിനതടവ് കാലാവധി അര്‍ദ്ധരാത്രിയോടെ ഔദ്യോഗികമായി അവസാനിച്ചു. 2006 ല്‍ ഡ്രൈവര്‍ ജോലിയുമായി സൗദിയില്‍ എത്തിയത്. പിന്നീട് റഹീം േനാക്കിയിരുന്ന സ്പോണ്‍സറുടെ ഭിന്നശേഷിക്കാരനായ 14 വയസ്സുകാരന് മകന്റെ അവിചാരിത മരണത്തെത്തുടര്‍ന്ന് റഹീം സൗദി അറേബ്യയില്‍ ജയിലിലായയത്. 20 വര്‍ഷം ജയിലില്‍ കിടന്ന േശഷം വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍, ദയാധനത്തിന്റെ അടിസ്ഥാനത്തില്‍ റഹീമിന് മാപ്പ് നല്കാന് ഇരയുടെ കുടുംബം സമ്മതിക്കുകയായിരുന്നു. ഇതിനായി ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഒത്തൊരുമിച്ച് 35 കോടിയിലധികം രൂപ ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിച്ചു.
സൗദി അറേബ്യയിലെ അധികൃതരുമായുള്ള ഏകോപന പ്രവര്‍ത്തനങ്ങള്‍ക്ക് അബ്ദുള്‍ റഹീം ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റിയാണ് നേതൃത്വം നല്‍കിയത്. റഹീമിന്റെ മോചനത്തിനും നാട്ടിലേക്കുള്ള മടങ്ങിവരവിനും ശേഷവും, ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിച്ച തുകയില്‍ നിന്ന് 11.5 കോടിയിലധികം രൂപ ബാക്കിയുണ്ട്. ഈ തുക എങ്ങനെ പ്രയോജനപ്പെടുത്തണം എന്നതിനെക്കുറിച്ച് പൊതുജനങ്ങളുമായും സുഹൃത്തുക്കളുമായും ആലോചിച്ച് തീരുമാനിക്കുമെന്ന് കമ്മിറ്റിയും റഹീമിന്റെ കുടുംബവും അറിയിച്ചു.






