
കുടുംബത്തോടൊപ്പമുള്ള മനോഹര നിമിഷങ്ങൾ പങ്കുവെച്ച് തെന്നിന്ത്യൻ താരം സായ് പല്ലവി. തന്റെ ജീവിതത്തിൽ കുടുംബത്തിന്റെ സാന്നിധ്യമുള്ളതുകൊണ്ടാണ് ഈ വസന്തകാലം ഇത്രയും മനോഹരമായതെന്ന് കുറിച്ചുകൊണ്ട് ഹൃദ്യമായൊരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് താരം.
മാതാപിതാക്കൾ, മുത്തശ്ശനും മുത്തശ്ശിയും, സഹോദരി പൂജ എന്നിവർക്കൊപ്പം ചെലവഴിച്ച സന്തോഷകരമായ നിമിഷങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു റീൽ വീഡിയോയാണ് സായ് പല്ലവി ആരാധകർക്കായി പങ്കുവെച്ചത്. "എന്റെ ഡെലീല, നീ ഇവിടെയുള്ളപ്പോഴാണ് വസന്തം. ഞങ്ങളുടെ ജീവിതം ഇത്രയും മനോഹരമാക്കിയതിന് നന്ദി," എന്നാണ് വീഡിയോയ്ക്ക് താരം നൽകിയ അടിക്കുറിപ്പ്.പ്ലെയിൻ വൈറ്റ് ടീസിന്റെ പ്രശസ്തമായ 'ഹേ ദെയർ ഡെലീല' എന്ന ഗാനമാണ് വീഡിയോയുടെ പശ്ചാത്തല സംഗീതമായി സായ് പല്ലവി നൽകിയിരിക്കുന്നത്.
ഡാൻസ് റിയാലിറ്റി ഷോകളിലൂടെയും ചെറിയ വേഷങ്ങളിലൂടെയും കരിയർ ആരംഭിച്ച സായ് പല്ലവി, 2015-ൽ പുറത്തിറങ്ങിയ അൽഫോൺസ് പുത്രൻ ചിത്രം 'പ്രേമം' എന്ന മലയാള സിനിമയിലൂടെയാണ് തെന്നിന്ത്യൻ സിനിമാ ലോകത്ത് തരംഗമായി മാറിയത്. തുടർന്ന് കലി, മാരി 2, ലവ് സ്റ്റോറി, ശ്യാം സിംഗ റോയ്, ഗാർഗി, അമരൻ, തണ്ടേൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ താരം തന്റെ അഭിനയ മികവ് തെളിയിച്ചു. ജുനൈദ് ഖാനൊപ്പം അഭിനയിച്ച 'ഏക് ദിൻ' എന്ന ചിത്രത്തിലൂടെ താരം അടുത്തിടെ ഹിന്ദിയിലും സാന്നിധ്യമറിയിച്ചു കഴിഞ്ഞു.
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രങ്ങളിലൊന്നായ 'രാമായണം: പാർട്ട് 1' ആണ് സായ് പല്ലവിയുടെ വരാനിരിക്കുന്ന പുതിയ ചിത്രം. ചിത്രത്തിൽ സീതാദേവിയായി സായ് പല്ലവി എത്തുമ്പോൾ, ശ്രീരാമനായി റൺബീർ കപൂറും രാവണനായി കന്നഡ സൂപ്പർതാരം യഷും വേഷമിടുന്നു. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ആദ്യ ഭാഗം 2026 ദീപാവലിക്കും, രണ്ടാം ഭാഗം 2027 ദീപാവലിക്കും ലോകമെമ്പാടും റിലീസ് ചെയ്യും.






