
തിരുവനന്തപുരം: പുതുതായി ചുമതലയേറ്റ വി.ഡി. സതീശന് സര്‍ക്കാരിന്റെ ഔദ്യോഗിക നയരൂപരേഖയും ഭാവി കാഴ്ചപ്പാടുകളും ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ക്ഷേമ പെന്‍ഷനുകളുടെ വര്‍ധനവ്, മുതിര്‍ന്ന പൗരന്മാര്ക്കായി പ്രത്യേക 'വയോജന വകുപ്പ്', ഉന്നത വിദ്യാഭ്യാസ രംഗത്തെ പുതിയ സ്കോളര്‍ഷിപ്പുകള്‍ എന്നിവ പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാവിലെ 9 മണിക്ക് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനത്തിന് തുടക്കമാകുന്നത്. വിവിധ ജനക്ഷേമ പദ്ധതികളും അടിസ്ഥാന സൗകര്യ വികസനവും മുന്‍നിര്‍ത്തിയുള്ള സര്‍ക്കാരിന്റെ മുന്നോട്ടുള്ള പ്രയാണം ഏറെ ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
സര്‍ക്കാരിന്റെ അഭിമാന പദ്ധതികളായ 'ഇന്ദിരാ ഗ്യാരന്റികള്‍' നടപ്പാക്കുന്നത് സംബന്ധിച്ച വ്യക്തമായ സൂചനകള്‍ നയപ്രഖ്യാപനത്തില്‍ ഉണ്ടാകും. ആദ്യ മന്ത്രിസഭാ യോഗത്തിലെ പ്രഖ്യാപനമനുസരിച്ച്, ജൂണ്‍ 15 മുതല്‍ കെ.എസ്.ആര്.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഉണ്ടാകും.
ഉപേക്ഷിച്ച സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരം പുതിയൊരു യാത്രാസംവിധാനം സര്‍ക്കാര്‍ മുന്നോട്ട് വെക്കുമോ എന്ന് പൊതുജനങ്ങളും നിക്ഷേപകരും ഉറ്റുനോക്കുന്നു. ദേശീയപാത വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കലും വിഴിഞ്ഞം തുറമുഖത്തിന്റെ അടുത്ത ഘട്ട വികസന പ്രവര്‍ത്തനങ്ങളും പ്രസംഗത്തില്‍ ഇടംപിടിച്ചേക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും സ്ഥിരത കൈവരിക്കുന്നതിനുമുള്ള തന്ത്രങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയേക്കും.
രാവിലെ 8:55-ഓടെ നിയമസഭയിലെത്തുന്ന ഗവര്‍ണറെ മുഖ്യമന്ത്രി വി.ഡി. സതീശന്, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, പാര്‍ലമെന്ററിക്കാര്യ മന്ത്രി സണ്ണി ജോസഫ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. അതേസമയം, നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യത്തിലും രാഷ്ട്രീയ നിരീക്ഷകര്ക്കിടയില് കൗതുകമുണ്ട്.






