
കുടുംബപ്രേക്ഷകര്‍ക്ക് ഏറെ പരിചിതരായ താരങ്ങളാണ് ജിഷിന് മോഹനും അമേയ നായരും. കഴിഞ്ഞ രണ്ടുവര്‍ഷമായി ലിവിങ് ടുഗെദറിലായിരുന്നു രണ്ടുപേരും. ഇക്കഴിഞ്ഞ ദിവസമാണ് ഗുരുവായൂര്‍ അമ്പലനടയില്‍ വച്ച് ജിഷിന് അമേയയെ താലിചാര്‍ത്തിയത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. സൗഹൃദത്തില്‍ തുടങ്ങിയ ബന്ധമാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പങ്കിടുന്ന ചിത്രങ്ങളിലൂടെ രണ്ടുപേരും പ്രണയത്തിലാണോ എന്ന് ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഒരു വാലന്റൈൻസ് ദിനത്തിലാണ് രണ്ടുപേരും തങ്ങളുടെ പ്രണയം ആരാധകരെ അറിയിച്ചത്.
ഇപ്പോഴിതാ വിവാഹശേഷമുള്ള ചിത്രങ്ങള്‍ പങ്കിട്ട് വൈകാരികമായി പോസ്റ്റ് പങ്കിടുകയാണ് അമേയ നായര്‍. പരസ്പരം സ്വീകരിക്കാനും തള്ളിക്കളയാനും പകരം വീട്ടാനും വിട്ടുകളയാനും അവഗണിക്കാനും പരിഗണിക്കാനുമടക്കമുള്ള നിരവധി തെരഞ്ഞെടുപ്പുകള്‍ തങ്ങള്ക്കിടയിലുണ്ടായിരുന്നുവെന്നും വിധി നിര്‍ണ്ണയിക്കുന്നത് ആ തെരഞ്ഞെടുപ്പുകളാണെന്നുമാണ് അമേയ കുറിച്ചത്.
‘‘ഞങ്ങൾക്ക് എപ്പോഴും ഒരു തിരഞ്ഞെടുപ്പുണ്ടായിരുന്നു. സ്വീകരിക്കാൻ, തള്ളിക്കളയാൻ, പകരംവീട്ടാൻ, വിട്ടുകളയാൻ, പരിഗണിക്കാൻ,അവഗണിക്കാൻ, നിന്നുകൊടുക്കാൻ, ഇറങ്ങിയോടാൻ...‘നിങ്ങളുടെ വിധി നിർണ്ണയിക്കുന്നത് നിങ്ങളുടെ തിരഞ്ഞെടുപ്പാണ്...’
ഈ വരികൾ ഞാൻ മുൻപെവിടെയോ വായിച്ചതാണ്, ഈ ബിജിഎം ഉം മനസ്സിലുടക്കിയിരുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അമേയ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. നിരവധി പേരാണ് താരങ്ങള്‍ സ്നേഹവും ആശംസയും പ്രാര്‍ത്ഥനകളും കുറിച്ച് കമന്റുകള്‍ പങ്കിട്ടിരിക്കുന്നത്.






