
നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ കുടുംബം സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്ക്കുന്ന താരകുടുംബമാണ്. ഭാര്യ സിന്ധുവും മക്കളായ അഹാന കൃഷ്ണയും ദിയയും ഇഷാനിയും ഹന്‍സികയുമെല്ലാം തങ്ങളുടെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലുകളുള്ള താരപുത്രിമാര്‍ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാം അതിലൂടെ പങ്കിടാറുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും ഇളയമകള്‍ ഹന്‍സിക സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതയായ താരപുത്രിയാണ്.
എന്നാല്‍ സമീപകാലത്ത് വന്ന ഹൻസികാ കൃഷ്ണയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ൻസ്റ്റഗ്രാമിലെ പെയ്ഡ് സബ്സ്ക്രൈബേഴ്സിന് വേണ്ടി മാത്രമായി പോസ്റ്റ് ചെയ്ത ഈ വീഡിയോയില്‍ ബോള്‍ഡ് ഹോട്ട് ലുക്കിലാണ് ഹന്‍സിക എത്തിയത്. എന്നാല്‍ സബ്സ്ക്രിപ്ഷന് ചാനലില്‍ വന്ന ഈ വീഡിയോ ആരോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കും താരപുത്രി ഈ വീഡിയോയുടെ പേരില്‍ നേരിട്ടു. വീഡിയോയിലെ ഹന്‍സികയുടെ അപ്പിയറന്‍സും കൂടുതൽ സബ്സ്ക്രൈബർമാരെ ഉണ്ടാക്കാനും അതുവഴി പണമുണ്ടാക്കാനും വേണ്ടിയാണ് ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതെന്നാണ് ഉയർന്ന പ്രധാന വിമർശനം.
ഇപ്പോഴിതാ ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ വിഡിയോ വിവാദത്തിൽ മനസ്സ് തുറന്നുള്ള പോസ്റ്റ് പങ്കിടുകയാണ് ഹന്‍സിക കൃഷ്ണ. ‘എനിക്ക് പറയാനുള്ളത്’ എന്ന ക്യാപ്ഷനോടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് ഹൻസിക തന്റെ ഭാഗം വിശദീകരിച്ചത്. വീഡിയോ പോസ്റ്റ് ചെയ്തത് തെറ്റായി പോയെന്നും വലിയ രീതിയിലുള്ള വേദനയും കുറ്റബോധവും പേറിയാണ് ജീവിക്കുന്നതെന്നും തന്റെ ഭാഗത്തു നിന്നുണ്ടായ ഒരു നിമിഷത്തെ വിവേകശൂന്യതയായിരുന്നു ആ വിഡിയോയെന്നും ഹൻസിക പോസ്റ്റില്‍ കുറിച്ചു.
‘‘മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് എന്റെ സബ്സ്ക്രിപ്ഷന് ചാനലിലെ ഒരു ഷെയര്‍ ചെയ്യപ്പെട്ട സാഹചര്യമുണ്ടായി. തിരിഞ്ഞു നോക്കുമ്പോള്‍ അത് എന്റെ ഭാഗത്തുനിന്നുമുണ്ടായ ഏറ്റവും മോശമായ തീര്‍ത്തും അശ്രദ്ധമായ ഒരു കാര്യം തന്നെയാണ്. അതില്‍ എനിക്ക് അതിയായ കുറ്റബോധവുമുണ്ട്. അതിനെ ന്യായീകരിക്കാനല്ല ഈ പോസ്റ്റ്. പക്ഷേ കഴിഞ്ഞ ഒരു മാസത്തോളമായി ഞാന്‍ ഒരുപാട് വേദനയും കുറ്റബോധവും അനുഭവിക്കുന്നു. അവസാനം ഇതിനെ കുറിച്ച് തുറന്ന് പറയാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഒരുപക്ഷേ എന്നെ ശരിക്കും സ്നേഹിക്കുന്നവരുണ്ടെങ്കില്‍, എന്റെ കാര്യത്തില്‍ ആകുലതയുള്ളവരുണ്ടെങ്കില് ഈ പറയുന്നത് അവര്‍ മനസ്സിലാക്കും, അത് ഒരു മാറ്റമുണ്ടാക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
എന്റെ ഭാഗത്ത് നിന്നുമുണ്ടായ അശ്രദ്ധയും മണ്ടത്തരമായ തീരുമാനവുമായിരുന്നു അത്. അതിൽ ആത്മാർത്ഥമായി ഞാൻ ഖേദം പ്രകടിപ്പിക്കുകയാണ്. അതിനെ ന്യായീകരിക്കാനൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ ഒരു മാസമായി അതി കഠിനമായ വേദനയും സങ്കടവും കുറ്റബോധവും പേറിയാണ് ഞാൻ കഴിയുന്നത്. ഇപ്പോഴും എനിക്കറിയില്ല, ഞാനത് എന്തിന് പോസ്റ്റ് ചെയ്തു എന്ന്, അതൊരു അബദ്ധമായിരുന്നു. ഒട്ടും ആലോചിക്കാതെയെടുത്ത തീരുമാനം. അഞ്ച് മിനിറ്റിനുള്ളിൽ ഞാനത് ഡിലീറ്റും ചെയ്തു. പക്ഷേ അതിനുള്ളിൽ തന്നെ എന്റെ സബ്സ്ക്രൈബേഴ്സിൽ ചിലരത് സ്ക്രീൻ റെക്കോർഡ് ചെയ്തു. അത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് ഞാനത് ചെയ്തതെന്ന് പലരും കുറ്റപ്പെടുത്തിയിരുന്നു. അങ്ങനെ തോന്നിയതിൽ തെറ്റില്ല. പക്ഷേ, അങ്ങനെ ഒരു തോന്നൽ ഒരിക്കലും എനിക്ക് ഉണ്ടായിരുന്നില്ല. ഈ 20-ാം വയസിൽ സ്വന്തം കാര്യങ്ങൾക്ക് വേണ്ടിയുള്ള വരുമാനം ഞാൻ നേടുന്നുണ്ട്. വർഷങ്ങളായി എനിക്കും എന്റെ കുടുംബത്തിനും ലഭിക്കുന്ന സ്നേഹവും പിന്തുണയും കാരണം പ്രശസ്തിയെ കൊതിക്കുന്നതോ ഞങ്ങൾക്ക് ഇല്ലാത്തതോ അല്ല. അതൊരു അബന്ധമായിരുന്നു. മനസിൽ ഒരു വിങ്ങലായി അവശേഷിക്കുന്ന വലിയൊരു തെറ്റ്. അത് കാരണം വേദന അനുഭവിച്ചത് ഞാനും എന്റെ കുടുംബവുമാണ്. ഓൺലൈനിൽ ഞാൻ നേരിട്ട അധിക്ഷേപങ്ങളും വേട്ടയാടലുകളും ക്രൂരവും വെറുപ്പുളവാക്കുന്നതും താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
ഒരു പബ്ലിക് ഫിഗർ എന്ന നിലയിൽ എന്റെ തെറ്റുകൾ വിമർശിക്കപ്പെടുമെന്നും ചർച്ചകൾക്ക് വഴിവയ്ക്കുമെന്നും എനിക്കറിയാം. അത് ഞാൻ പൂർണമായും ഉൾക്കൊള്ളുകയും ചെയ്യുന്നു. പക്ഷേ ചില പ്രതികരണങ്ങൾ അവയ്ക്കും അപ്പുറമായിരുന്നു. അവരൊക്കെ ഇതിനെ ഒരു പ്രൊജക്ട് പോലെ കണ്ടു. അവരുടെ സോഷ്യൽ മീഡിയ റീച്ചിന് വേണ്ടി എന്നെ കുറിച്ച് നിരന്തരം വീഡിയോകൾ ചെയ്തു. അവർക്കത് മികച്ചൊരു കണ്ടെന്റ്. പക്ഷേ അവയിലെ ഓരോ ഭാഷയും എന്റെ കുടുംബത്തെയും എന്നെയും ഒരുപോലെ മുറിപ്പെടുത്തി.
ഇതില്‍ എനിക്കേറ്റവും വേദനയുണ്ടാക്കിയത്, ഒരു വര്‍ഷത്തോളം കഷ്ടപ്പെട്ടാണ് എന്റെ സഹോദരി ഒരു മ്യൂസിക് ആല്‍ബം ഒരുക്കിയത്. ഞാനും അതിന്റെ ഒരു ചെറിയ ഭാഗമായിരുന്നു. ആ മ്യൂസിക് ആല്‍ബം റിലീസായി മൂന്ന് ദിവസങ്ങള്‍ക്കകമാണ് ഈ വീഡിയോ പുറത്തുവന്നത്. അതുമായി ബന്ധപ്പെട്ട് ഞാന്‍ എന്ത് പോസ്റ്റ് ചെയ്താലും അതിന് താഴെ വരുന്ന കമന്റുകള്‍ ഈ വീഡിയോയുമായി ബന്ധപ്പെട്ടതാണ്. എന്റെ ഒരു പ്രവൃത്തി എന്റെ സഹോദരിയുടെ പ്രയത്നത്തെയും നെഗറ്റീവാക്കി. പക്ഷേ ആ വീഡിയോ പൂക്കള്‍ എന്ന മ്യൂസിക് വീഡിയോയെ ബാധിച്ചിട്ടില്ല. എന്നിരുന്നാല്‍ പോലും ആളുകള്‍ മനസ്സിലാക്കും എന്ന് ഞാന്‍ കരുതുന്നു. ഒരു നെഗറ്റീവ് പബ്ലിസിറ്റിയും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ചെയ്ത തെറ്റ് പൂര്‍ണമായും മനസ്സിലാക്കുന്നു, അതില്‍ പശ്ചാത്താപിക്കുന്നു.
ഞാന്‍ ചെയ്ത ആ പ്രവൃത്തിയുടെ പേരില്‍ രണ്ട് പേരാണ് ശരിക്കും വേദന അനുഭവിച്ചത്, ഒന്നും ഞാനും മറ്റൊന്ന് എന്റെ കുടുംബവും. വൈകാരികമായും അല്ലാതിയും അതിന്റെ അനന്തരഫലം ഞങ്ങള്‍ മാത്രമാണ് അനുഭവിച്ചത്. അതുകൊണ്ടാമ് സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്രയും ബുള്ളൂങും ഹരാസ്മെന്റും എന്നെ അത്രയധികം വേദനിപ്പിക്കുന്നത്. ഒരു പബ്ലിക് ഫിഗര്‍ എന്ന നിലയില്‍ ജനങ്ങള്‍ എന്നെ നിരീക്ഷിക്കുകയും വിമര്‍ശിക്കുകയും ചെയ്യും എന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ വിമര്‍ശനങ്ങള്‍ അതിര് കടക്കുമ്പോള്‍ അതിനപ്പുറത്തൊരാളുണ്ട്. അത്രധികം റിയാക്ഷന് വീഡിയോകള്‍, വളരെ മോശം ഭാഷയിലുള്ള കുറ്റപ്പെടുത്തലുകള്‍ അവരുടെ വീഡിയോയുടെ എന്‍ഗേജ്മെന്റിന് വേണ്ടി മാത്രം ചെയ്യുമ്പോള്‍ എന്നെ മാത്രമല്ല, എന്റെ കുടുംബത്തെയും അത് വേദനിപ്പിക്കുന്നു. മറ്റുള്ളവരുടെ വേദനയെ ഇത്തരത്തില്‍ ബുള്ളീങ് ചെയ്ത് തൃപ്തിപ്പെടുന്നവരോട് എനിക്കൊന്നും പറയാനില്ല.
എന്റെ തെറ്റുകൾ ഒരു ഭാഗത്ത് ഇരിക്കട്ടെ, ഒരു തരത്തിലും തങ്ങളെ ബാധിക്കാത്തൊരു കാര്യത്തിൽ, മറ്റൊരാളോട് ഇത്രയും വെറുപ്പ് കാണിക്കാൻ ആളുകൾക്ക് എങ്ങനെ സാധിക്കുന്നു. അതെന്നെ വളരെയധികം അത്ഭുതപ്പെടുത്തി.
ഞാനിവിടെ സഹതാപം നേടാനോ ചെയ്ത തെറ്റിൽ നിന്നും ഒളിച്ചോടാനോ ഞാൻ ശ്രമിക്കുന്നില്ല. കഴിഞ്ഞ ഒരുമാസമായി എന്റെ ഉള്ളിലുള്ളത് തുറന്ന് പറയണമെന്ന് തോന്നി, അത്രമാത്രം. 299 രൂപയായിരുന്ന എന്റെ സബ്സ്ക്രിപ്ഷൻ തുക 399 രൂപ ആക്കിയതിനെതിരെ പലരും ചോദ്യം ഉയർത്തിയിരുന്നു. കാര്യങ്ങൾ കൈവിട്ടപ്പോൾ ഫീച്ചർ കളയാനാണ് എനിക്ക് തോന്നിയത്. പക്ഷേ അത് കൂടുതൽ വഷളാകുമെന്ന് തോന്നി. അതുകൊണ്ട് തുക കൂട്ടി. സബ് എടുക്കുന്നവർ കുറയുമെന്നാണ് ഞാൻ കരുതിയത്. എന്നെ വിശ്വസിക്കണമെന്ന് ആരോടും പറയുന്നില്ല. പക്ഷേ എന്റെ ഭാഗത്തെ സത്യം പറഞ്ഞതാണ്.
ഇതിന് ശേഷം ഉണ്ടായ സബ്സ്ക്രിപ്ഷൻ വർദ്ധനവിലൂടെ ലഭിച്ച തുക മുഴുവനും സാമൂഹിക സേവനത്തിനായി സംഭാവ ചെയ്തുവെന്ന് കൂടി ഞാൻ നിങ്ങളെ അറിയിക്കുകയാണ്. അതിൽ നിന്നും ഒരു രൂപ പോലും ഞാൻ എടുത്തിട്ടില്ല. ഞാൻ കാരണം വിഷമവും നിരാശയും തോന്നിയവരോട് മനസിനുള്ളിൽ നിന്നും ക്ഷമ ചോദിക്കുകയാണ്. ഒരു നിമിഷത്തെ വിവേകശൂന്യതയാണ് അതെന്ന് നിങ്ങൾ വിശ്വസിക്കുമെന്ന് ഞാൻ കരുതുകയാണ്. ഇതെന്നെ വേദനിപ്പിച്ചെങ്കിലും വലിയൊരു പാഠം പഠിപ്പിച്ചു. വിവേകമുള്ള, നല്ലൊരു മനുഷ്യനാകാൻ അതെന്നെ സഹായിക്കും. ഞാനിന്നും പഴയ ആൾ തന്നെയാണ്. കാലങ്ങൾ പോകുമ്പോൾ നിങ്ങൾ എന്നോട് ക്ഷമിക്കുമെന്ന് കരുതുന്നു.
എനിക്കറിയാം ഈ വീഡിയോ എന്നോടുള്ള ചിലരുടെ കാഴ്ചപ്പാട് മാറ്റുമെന്ന്, പക്ഷേ അത് എന്നെ ഒരു തെല്ലും മാറ്റുന്നില്ല. നിങ്ങളെന്നോട് ക്ഷമിക്കുമെന്നും, എനിക്ക് മറ്റൊരു അവസരം തരുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ വിഷമഘട്ടത്തിൽ എന്നോടൊപ്പം ഉറച്ചുനിന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എന്നെ പിന്തുണച്ച ഒട്ടനവധി പേർക്കും എന്റെ ആത്മാർത്ഥമായ നന്ദി. സ്നേഹത്തോടെയും പ്രതീക്ഷയോടെയും, ഹൻസിക...’’ എന്നാണ് ഹന്‍സിക സുദീര്‍ഘമായി കുറിച്ചിരിക്കുന്നത്.
ഹന്‍സികയുടെ കുറിപ്പിന് താഴെ നിരവധി പേര് പിന്തുണ കുറിച്ച് കമന്റുകള്‍ പങ്കുവച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾ ഉൾപ്പെടെ ഒട്ടേറെ പേർ കമന്റ് ചെയ്തിട്ടുണ്ട്. ‘നിന്നെ ഞങ്ങൾക്ക് അറിയാം ഹൻസൂ’ എന്നാണ് സഹോദരി ദിയാ കൃഷ്ണ കുറിച്ചത്. ‘ഹൻസൂ...’ എന്ന് വിളിച്ച് ഹാര്‍ട്ട് ഇമോജിയും ചുംബന ഇമോജിയുമാണ് അഹാനാ കൃഷ്ണ കുറിച്ചത്. ‘അല്ല പിന്നെ...’ എന്നാണ് മറ്റൊരു സഹോദരി ഇഷാനി കുറിച്ചത്. ‘എന്റെ ഹൃദയമിടിപ്പ്... എല്ലായ്പ്പോഴും നിനക്കൊപ്പമുണ്ട്. എക്കാലവും നിന്റെ കൈ ചേർത്ത് പിടിക്കും...’ എന്ന് പറഞ്ഞുകൊണ്ട് അമ്മ സിന്ധു കൃഷ്ണ കുറിച്ചത്.
വീഡിയോ ലീക്ക് ചെയ്യപ്പെട്ട് പുറത്തുവരുന്നതിന് മുമ്പ് 299 രൂപയായിരുന്ന ഹൻസികയുടെ സബ്സ്ക്രിപ്ഷൻ തുകയെന്നതും വീഡിയോ വൈറലായതിന് പിന്നാലെ 390 രൂപയാക്കി വർധിപ്പിച്ചു എന്നുള്ളതും താരപുത്രിക്ക് പണമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന ആരോപണത്തിന് ബലം നൽകിയിരുന്നു.






