
തിരുവനന്തപുരം: പിണറായി വിജയന്റെ രണ്ടു വീടുകളില്‍ റെയ്ഡ് നടന്ന സംഭവത്തിലെ പ്രതിഷേധത്തില്‍ ഭിന്നാഭിപ്രായം ഉയര്‍ത്തി സിപിഐ.
സ്വന്തമായി ബിസിനസ്സ് നടത്തുന്ന ഒരാളുടെ കേസില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും എന്ത് പ്രതിരോധം തീര്‍ക്കേണ്ട സാഹചര്യമില്ലെന്നാണ് നിലപാട്. കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന സി.പി.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ശക്തമായി ഉയര്‍ന്നിരുന്നു.
മുന്മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുള്ള കേസില്‍ നിയമപരമായ സഹായത്തിനപ്പുറം, അതിനെ രാഷ്ട്രീയ പ്രതിരോധമാക്കി മാറ്റുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നാണ് വിലയിരുത്തല്‍. ഇ.ഡി റെയ്ഡിനെതിരായ പ്രതിഷേധങ്ങളില്‍ സംസ്ഥാന നേതൃത്വം അമിതമായ ആവേശം കാണിക്കേണ്ടതില്ലെന്നും യോഗത്തില്‍ മുന്നറിയിപ്പ് ഉയര്‍ന്നു. സി.പി.എം നടത്തുന്ന രാഷ്ട്രീയ പ്രതിരോധങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്കുന്ന കാര്യത്തില്‍ സി.പി.ഐക്കുള്ളില്‍ കടുത്ത ആശയക്കുഴപ്പവും ഭിന്നാഭിപ്രായവും രൂപപ്പെടുന്നു.
റെയ്ഡ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ബി.ജെ.പിയും തമ്മിലുള്ള ഗൂഡാലോചനയാണെന്ന സി.പി.എമ്മിന്റെ രാഷ്ട്രീയ ആരോപണവും സി.പി.ഐ തള്ളുകയാണ്. സ്വന്തമായി ബിസിനസ്സ് നടത്തുന്ന ഒരു വ്യക്തിക്കെതിരെയുള്ള നിയമനടപടികളെ രാഷ്ട്രീയവത്കരിക്കുന്നത് ഉചിതമല്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ പ്രതിക്കൂട്ടിലായ ഒരു കേസില്‍ പാര്‍ട്ടി എന്തിനാണ് രാഷ്ട്രീയ കവചമൊരുക്കുന്നത് എന്ന ചോദ്യമാണ് മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ ഉയര്‍ത്തിയത്. പാര്‍ട്ടിക്ക് ഉള്ളില്‍ തന്നെ എതിര്‍പ്പ് പൊങ്ങിയതോടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുന്നിലപാടുകളില് അയവ് വരുത്തിയിരിക്കുകയാണ്. ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ നിലപാട്.






